പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ ജാമ്യത്തിൽ തുടരും. ഇന്നു പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം നീട്ടി നൽകുകയായിരുന്നു. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകർപ്പുകൾ ഫ്രാങ്കോ മുളയ്ക്കലിന് കൈമാറി. കേസ് അടുത്ത മാസം ഏഴിന് കോടതി വീണ്ടും പരിഗണിക്കും.

കെവിൻ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.എസ്.അജയനാണ് ഫ്രാങ്കോ മുളയ്ക്കലിനുവേണ്ടി ഹാജരായത്. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ചുള്ള ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ ഉൾപ്പെടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുളളത്.

Read: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീയുടെ ആരോപണങ്ങൾ ഗുരുതരം, കത്ത് പുറത്ത്

ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിലെത്തിയത്. വിശ്വാസികളും സുഹൃത്തുക്കളും ഉൾപ്പെടെ വലിയൊരു സംഘമാണ് ഫ്രാങ്കോ മുളയ്ക്കലിനെ അനുഗമിച്ച് കോടതിയിലെത്തിയത്.

2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയത്. നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി.

Read: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചു; കന്യാസ്ത്രീയുടെ മൊഴി പുറത്ത്

വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുമുണ്ട്. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, മൂന്ന് ബിഷപ്പുമാര്‍, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കുറ്റം തെളിയിക്കുന്ന 101 രേഖകളും കുറ്റപത്രത്തോടൊപ്പം ഉണ്ട്. ബിഷപ്പിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്, ഇരയായ കന്യാസ്ത്രീയെ ഡോക്ടർ പരിശോധിച്ച റിപ്പോർട്ട് എന്നിവ കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു നൽകിയ മൊഴി.

ബലാത്സംഗം നേരിട്ട കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീമാര്‍ സമരമിരുന്നതോടെ പൊതുസമൂഹവും പിന്തുണയുമായെത്തിയിരുന്നു. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചി വഞ്ചി സ്‌ക്വയറിൽ പതിനഞ്ച് ദിവസമാണ് കന്യാസ്ത്രീമാര്‍ സമരം നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.