കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കുറ്റങ്ങൾ നിഷേധിച്ച് ഫ്രാങ്കോ

‘സത്യം കോടതിയിൽ തെളിയട്ടെ’ എന്നാണ് കുറ്റപത്രം വായിച്ചുകേട്ടതിനു ശേഷം പുറത്തെത്തിയ ഫ്രാങ്കോ മാധ്യമങ്ങളോട് പ്രതികരിച്ചത്

franco mulaykkal

കോട്ടയം: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ആയിരം പേജുള്ള കുറ്റപത്രത്തിലെ പ്രസക്‌ത ഭാഗങ്ങളാണ് കോടതിയിൽ വായിച്ചുകേൾപ്പിച്ചത്. ഫ്രാങ്കോ മുളയ്‌ക്കൽ കോടതിയിൽ കുറ്റം നിഷേധിച്ചു. കേസിന്റെ വിചാരണ അടുത്ത മാസം 16 നു ആരംഭിക്കും. ഏകദേശം 15 മിനിറ്റ് സമയമെടുത്താണ് കുറ്റപത്രത്തിലെ പ്രസക്‌തഭാഗങ്ങൾ വായിച്ചുകേൾപ്പിച്ചത്. താൻ കുറ്റം ചെയ്‌തിട്ടില്ലെന്ന് ഫ്രാങ്കോ ആവർത്തിച്ചു. കേസിൽ 84 സാക്ഷികളുണ്ട്. ‘സത്യം കോടതിയിൽ തെളിയട്ടെ’ എന്നാണ് കുറ്റപത്രം വായിച്ചുകേട്ടതിനു ശേഷം പുറത്തെത്തിയ ഫ്രാങ്കോ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Read Also: ഇതുവരെ പറയാതിരുന്നത് ബിഷപ്പിനെ പേടിച്ച്; ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീയുടെ ആരോപണം

അതേസമയം, തന്നെ കുറ്റവിമുക്‌തനാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കോടതിയിൽ നിന്നു തിരിച്ചടി നേരിടേണ്ടിവന്നു. കേസിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്‌ക്കൽ നൽകിയ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്. ഫ്രാങ്കോ മുളയ്‌ക്കൽ വിചാരണ നേരിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. കോടതി നിലപാടിനെ ഫ്രാങ്കോ മുളയ്‌ക്കലിന്റെ അഭിഭാഷകൻ ചോദ്യം ചെയ്യാൻ ശ്രമിച്ചു. ഇതിനെതിരെ ചീഫ് ജസ്റ്റിസ് രംഗത്തെത്തി. കോടതി നിലപാടിനെ ആത്മീയശക്‌തികൊണ്ട് എതിർക്കാമെന്നാണോ വിചാരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ടാണ് ഫ്രാങ്കോ മുളയ്‌ക്കൽ സുപ്രീം കോടതിയെ സമീപിച്ചത്. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും ഫ്രാങ്കോയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദങ്ങളിൽ കഴമ്പില്ലെന്നും കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nun rape case franco mulakkal

Next Story
മത്തായിയുടെ മരണം: ഹൈക്കോടതി പൊലീസിനോട് റിപ്പോർട്ട് തേടി
The moderation of comments is automated and not cleared manually by malayalam.indianexpress.com