കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്തത് ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതിനാലാണെന്ന് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ഇന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കാനായിരുന്നു ശ്രമമെങ്കിലും ഇത് സാധിച്ചില്ലെന്ന് കോട്ടയം എസ് പി ഹരിശങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“അറസ്റ്റ് ചോദ്യം ചെയ്യലിന് ശേഷമുളള നടപടിയാണ്. ഒരാൾ പറയുന്നത് കളളമാണോ ശരിയാണോ എന്ന് നോക്കി അറസ്റ്റ് കാര്യത്തിൽ തീരുമാനം കൈക്കൊളളാനാവില്ല. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം അതുവരെയുളള അന്വേഷണത്തിന്റെ നിഗമനത്തിൽ നിന്നാണ് തീരുമാനം കൈക്കൊളളുക,” അദ്ദേഹം പറഞ്ഞു.

അതേസമയം എഴുതി തയ്യാറാക്കിയ നിയമോപദേശമല്ല സീനിയർ ഗവൺമെന്റ് പ്ലീഡറോട് തേടിയതെന്ന് കോട്ടയം എസ് പി വിശദീകരിച്ചു. “ഫ്രാങ്കോ മുളക്കൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇതിന് പുറമെ അന്വേഷണത്തിലെ കണ്ടെത്തലുകളുണ്ട്. ഇതുവരെയുലള അന്വേഷണ പുരോഗതി പ്രകാരം കൈക്കൊളളുന്ന നടപടികൾ സംബന്ധിച്ച് വ്യക്തത വരുത്താനാണ് കൂടിക്കാഴ്ച നടത്തിയത്,” അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഇന്ന് തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ ഇത് സാധിച്ചില്ല. നാളെ രാവിലെ 10.30 യ്ക്ക് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് നോട്ടീസ് നൽകിയിട്ടുണ്ട്. അതോടൊപ്പം കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഇവയിൽ ഒരു പത്ത് ശതമാനം കാര്യങ്ങളിൽ കൂടുതൽ വ്യക്തത വേണ്ടതുണ്ട്. ഇന്ന് രാത്രി തന്നെ മറുപടികൾ പരിശോധിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തും,” ഹരിശങ്കർ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ