കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷനിലെ കന്യാസ്ത്രീകൾ പരാതിയുമായി രംഗത്ത്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയാൽ വീണ്ടും സമരരംഗത്ത് ഇറങ്ങുമെന്നും കന്യാസ്ത്രീകൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളായ അനുപമ, ജോസഫിന്‍, ആല്‍ഫി, അന്‍സിറ്റ, നീന റോസ് എന്നിവരാണ് പരാതി നല്‍കിയത്. കേസിലെ അന്വേഷണം പൂര്‍ത്തിയായിട്ടും കോടതിയിൽ കുറ്റപത്രം സമർപ്പിക്കാത്തതിൽ ഇവർ ആശങ്ക രേഖപ്പെടുത്തി.
കുറ്റപത്രം വേഗത്തിൽ കോടതിയിൽ സമർപ്പിക്കണമെന്നും, കേസിലെ സാക്ഷികളായ തങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് തങ്ങളെ ഭയപ്പെടുത്തുന്നതായി ഇവർ പറഞ്ഞു. ഇപ്പോൾ കുറവിലങ്ങാട് മഠത്തിൽ കഴിയുന്നത് കൂടുതൽ ദുഷ്‌കരമായിരിക്കുകയാണെന്നും ഇവർ പറഞ്ഞു.
തങ്ങളെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേയ്ക്ക് സ്ഥലം മാറ്റാൻ രണ്ടു മാസം മുൻപ് നീക്കം നടന്നതായി പരാതിയിൽ ഇവർ ചൂണ്ടിക്കാട്ടി. ഇരയായ കന്യാസ്ത്രീയെ കുറവിലങ്ങാട് കോൺവെന്റിൽ ഒറ്റപ്പെടുത്താനും, തങ്ങളെ രാജ്യത്തിന്റെ പല ഭാഗങ്ങളിലാക്കിയ ശേഷം ഇല്ലാതാക്കാനുളള നീക്കമാണിതെന്നും ഇവർ സംശയം ഉന്നയിച്ചു.
എത്രകാലം ഇപ്രകാരം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് തങ്ങൾക്ക് അറിയില്ലെന്നും അനുകൂലമായ ഒരു തീരുമാനം ഉടൻ ഉണ്ടാവണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.