കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തില്ല. ഇദ്ദേഹത്തെ നാളെയും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിച്ച വിവരം. ഇന്ന് രാത്രി ഐജി വിജയ് സാഖറെയുടെ വീട്ടിലോ, ഓഫീസിലോ അവലോകന യോഗം ചേരും. ചോദ്യം ചെയ്യലിന് ശേഷം ഫ്രാങ്കോ മുളക്കലിനെ വിട്ടയച്ചു.

കേസ് അട്ടിമറിക്കപ്പെടുന്നതിന്റെ വ്യക്തമായ തെളിവാണെന്ന് കന്യാസ്ത്രീകളുടെ സമരത്തിന്റെ നേതൃത്വത്തിലുളള ഫാ അഗസ്റ്റിൻ വട്ടോളി ആരോപിച്ചു. കേസിന്റെ സൂക്ഷ്‌മാംശങ്ങളിലേക്ക് പോകാതെ തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യത്തിലാണ് പൊലീസ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാതെ വിടുന്നത്. ഇത് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രതിയ്ക്ക് കൂടുതൽ സമയം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാതെ വിട്ടതിൽ സമര സമിതിക്ക് ആത്മവേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ന് തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ ഇത് സാധിച്ചില്ല. നാളെ രാവിലെ 10.30 യ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഫ്രാങ്കോ മുളക്കലിന് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പറഞ്ഞ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഫ്രാങ്കോ മുളക്കൽ പറഞ്ഞ പത്ത് ശതമാനം കാര്യങ്ങളിൽ കൂടുതൽ വ്യക്തത വേണ്ടതുണ്ട്. അറസ്റ്റ് ചോദ്യം ചെയ്യലിന് ശേഷമുളള നടപടിയാണ്. ഫ്രാങ്കോ മുളക്കൽ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ട്. അറസ്റ്റ് ഇതുവരെയുളള അന്വേഷണത്തിന്റെ ഭാഗമായി എടുക്കുന്ന തീരുമാനമാണ്. പറയുന്നത് കളവോ ശരിയോ എന്നത് കൊണ്ട് മാത്രം അറസ്റ്റ് തീരുമാനിക്കാനാവില്ല,” എസ് പി ഹരിശങ്കർ പറഞ്ഞു.

തുടർച്ചയായ രണ്ടാം ദിവസവും ഏഴ് മണിക്കൂറോളമാണ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തത്.
തൃപ്പൂണിത്തുറയിലെ ഹൈടെക് സെൽ ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്തത്. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി 103 പ്രധാന ചോദ്യങ്ങൾ ഉൾക്കൊളളിച്ച ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിരുന്നു.

ഉപചോദ്യങ്ങളടക്കം ഏതാണ്ട് 200 ഓളം ചോദ്യങ്ങളാണ് പൊലീസിന്റെ കൈയ്യിലുണ്ടായിരുന്നത്. ഈ ചോദ്യങ്ങൾക്ക് ബിഷപ്പ് നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ അറസ്റ്റിലേക്ക് കടക്കുന്നതിന് മുൻപ് ഐജി വിജയ് സാഖറെ നിയമോപദേശം തേടി. സീനിയർ ഗവൺമെന്റ് പ്ലീഡറുമായാണ് ഐജി കൂടിക്കാഴ്ച നടത്തിയത്.

ഇന്ന് രാവിലെ 11 മണിക്കാണ് ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാൻ തുടങ്ങിയത്. ഇന്നും ഏതാണ്ട് ഏഴ് മണിക്കൂറിലേറെ ചോദ്യം ചെയ്യൽ തുടർന്നു. ഇന്നലെയും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. രാവിലെ 11.30 യ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് ഏഴ് മണിയോടെയാണ് അവസാനിച്ചത്. കോട്ടയം എസ്‌പി ഹരിശങ്കർ, ഡിവൈഎസ്‌പി എസ്.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.

അറസ്റ്റ് ഒഴിവാക്കാൻ ഫ്രാങ്കോ മുളക്കൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരുന്നു. ഇതിൽ ഈ മാസം 25 നാണ് തുടർവാദം കേൾക്കുക. എന്നാൽ ഇത് അറസ്റ്റിന് തടസമാവില്ലെന്ന് ഇന്ന് രാവിലെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. അന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ എന്താണെന്ന് താൻ ചോദിച്ചില്ലെന്നും, അറസ്റ്റ് ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനിക്കാമെന്നും ബെഹ്റ വ്യക്തമാക്കിയിരുന്നു.

അതിനിടെ ഫ്രാങ്കോ മുളക്കലിനെ ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്ന് നീക്കി. മുംബൈ അതിരൂപതാ സഹായ മെത്രാൻ ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിനാണ് പകരം ചുമതല. കാത്തലിക് ബിഷപ് കൗൺസിൽ ഓഫ് ഇന്ത്യയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

കുറവിലങ്ങാട് മഠത്തില്‍ താന്‍ താമസിച്ചിട്ടില്ല എന്ന വാദത്തിലാണ് ഫ്രാങ്കോ മുളക്കൽ ഇന്നും ഇന്നലെയും ഉറച്ചു നിന്നത്. തന്നോടുളള വ്യക്തിവിരോധം മൂലം കന്യാസ്ത്രീ കെട്ടിച്ചമച്ചതാണ് പരാതിയെന്നും ഫ്രാങ്കോ അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാൽ തന്റെ വാദങ്ങൾ വസ്‌തുതാപരമായി തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം.

അത്യാധുനിക സംവിധാനങ്ങളോടെയാണ് ചോദ്യം ചെയ്യൽ നടന്നത്. മൂന്ന് ക്യാമറകളടക്കം വിപുലമായ സജ്ജീകരണങ്ങൾ ചോദ്യം ചെയ്യുന്ന മുറിയിൽ ഒരുക്കിയിരുന്നു. ഐജി വിജയ് സാഖറെയുടെ മേൽനോട്ടത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ