കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അറസ്റ്റ് ചെയ്യും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് റിപ്പോർട്ട് ഐജിയുടെ അനുമതിക്ക് അയച്ചു. പരിശോധനയ്ക്കായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറും. പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് ബിഷപ്പിന്റെ മെഡിക്കൽ പരിശോധന നടത്തും. അതിനുശേഷം പാലായിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ കൊണ്ടുപോകും.

ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് തങ്ങളെ പൊലീസ് അറിയിച്ചതായി പഞ്ചാബിലെ ബിഷപ്പിന്റെ അഭിഭാഷകൻ മൻദീപ് സിങ് പറഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്ന വിവരം വൈക്കം ഡിവൈഎസ്‌പി ബിഷപ്പിനെ അറിയിച്ചതായാണ് വിവരം. ബിഷപ്പ് പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ പരിശോധന വേണ്ട ഭാഗങ്ങളിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി കുറവിലങ്ങാട് മഠത്തിലെത്തിയ പൊലീസ് സംഘം വീണ്ടും രേഖപ്പെടുത്തി. ഇതിന് ശേഷമാണ് പൊലീസ് സംഘം അറസ്റ്റിലേക്ക് കടക്കുന്നത്.

ഇന്നലെ ബിഷപ്പ് പറഞ്ഞ പത്ത് ശതമാനത്തോളം കാര്യങ്ങളിൽ കൂടുതൽ പരിശോധന വേണ്ടതുണ്ടെന്ന കാരണത്താലാണ് അറസ്റ്റ് ഒഴിവാക്കിയത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതിനാലാണ് ഇന്ന് വീണ്ടും കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയത്. ഇത് ഏഴാം തവണയാണ് പരാതിയിൽ കന്യാസ്ത്രീയുടെ മൊഴി പൊലീസ് സംഘം രേഖപ്പെടുത്തിയത്.

കേരള ഹൈക്കോടതിക്ക് സമീപം അറസ്റ്റ് ആവശ്യപ്പെട്ടുളള കന്യാസ്ത്രീകളുടെ സമരം ഇന്ന് 13-ാം ദിവസത്തിലേക്ക് കടന്നു. പി.ഗീതയാണ് ഇപ്പോൾ നിരാഹാര സമരം നടത്തുന്നത്. അഞ്ചോളം സ്ത്രീകൾ വീതം ഇന്ന് മുതൽ ഓരോ ദിവസവും സമരരംഗത്തേക്ക് കടന്നുവരും.

ഒന്നാം ദിവസം ഏഴ് മണിക്കൂറും രണ്ടാം ദിവസം എട്ട് മണിക്കൂറുമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തത്. പ്രധാന ചോദ്യങ്ങളും ഉപചോദ്യങ്ങളും അടക്കം 200 ഓളം ചോദ്യങ്ങളാണ് ബിഷപ്പിനോട് ചോദിക്കാൻ അന്വേഷണ സംഘം തയ്യാറാക്കിയത്.

താൻ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞ ബിഷപ്പ് ജലന്ധർ രൂപതയ്ക്ക് കീഴിലെ അധികാര തർക്കമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് പൊലീസ് സംഘത്തോട് ആവർത്തിച്ചു. എന്നാൽ പൊലീസിന്റെ നിഗമനങ്ങളെ ശരിവയ്ക്കുന്ന സൂചനകൾ ബിഷപ്പിന്റെ പ്രസ്താവനയിൽ നിന്ന് ലഭിച്ചതായാണ് സൂചന. ഇന്നത്തെ ചോദ്യം ചെയ്യലിലൂടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് വിവരം.

ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി അവലോകന യോഗം ചേർന്നു. മൊഴികൾ വിശദമായി പരിശോധിച്ചിട്ടുണ്ട്. കൂടുതൽ വ്യക്തത വരുത്തേണ്ട ഭാഗങ്ങളിൽ വ്യക്തത വരുത്തിയെന്നാണ് വിവരം.

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസമില്ലെന്ന നിയമോപദേശമാണ് ഇന്നലെ ഐജി വിജയ് സാഖറെയ്ക്ക് ലഭിച്ചത്. എന്നാൽ അറസ്റ്റ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്താനാണ് പൊലീസിന്റെ തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.