Latest News

ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ സമരം ചെയ്യുമ്പോള്‍ പ്രളയകാല പ്രവര്‍ത്തനം മഹത്വം തിരികെ നല്‍കിയെന്ന് സഭാ പ്രസിദ്ധീകരണം

ഇപ്പോഴത്തെ കന്യാസ്ത്രീ പീഡന വിഷയത്തില്‍ കേരളത്തിലും ഭാരതത്തിലുമുള്ള സഭാ നേതൃത്വത്തിന്റെ നീണ്ട മൗനം കുറ്റകരമാണെന്നും നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിനു തുല്യമാണെന്നുമാണ് ഞങ്ങള്‍ കരുതുന്നതെന്ന് പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റർ ഫാ.സുരേഷ് മാത്യു ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തിനോട് പറഞ്ഞു

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപണ വിധേയനായ കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പിനെതിരേ നടപടിയാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ തെരുവില്‍ സമരം നടത്തുമ്പോള്‍ കേരളത്തിലെ പ്രളയകാലത്തെ ഇടപെടലുകളിലൂടെ സഭ മഹത്വം നിലനിര്‍ത്തിയിരിക്കുകയാണെന്ന് അവകാശപ്പെട്ട് സഭയുടെ പ്രസിദ്ധീകരണം. നേരത്തെ സീറോ മലബാര്‍ സഭയുടെ എറണാകുളം -അങ്കമാലിയില്‍ നടന്ന ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സഭയ്ക്കുളളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഭൂമി വിവാദ വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ശക്തമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇങ്ങനെ ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ സഭയ്ക്കുളളിൽ ഉയരുമ്പോഴാണ് ​ അവകാശവാദവുമായി സഭാ പ്രസിദ്ധീകരണം രംഗത്തു വരുന്നത്.

കന്യാസ്ത്രീകളുടെ സമരവും ഭൂമി വിവാദവുമൊക്കെയായി പ്രതിരോധത്തിലായ സഭാ നേതൃത്വം പ്രളയകാല പ്രവര്‍ത്തനത്തോടെ അതിന്റെ മഹത്വം വീണ്ടെടുത്തിരിക്കുകയാണെന്നാണ് സഭാ നേതൃത്വത്തിന്റെ കീഴിലുള്ള വാരികയുടെ വിലയിരുത്തൽ. കപ്പൂച്ചിന്‍ സഭയുടെ ക്രിസ്തു ജ്യോതി പ്രൊവിന്‍സിന് കീഴില്‍ ഡല്‍ഹിയില്‍ പ്രസിദ്ധീകരിക്കുന്ന ‘ഇന്ത്യന്‍ കറന്റസ് ‘എന്ന ഇംഗ്ലീഷ് വാരികയാണ് കേരളത്തിലെ സഭ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ മുങ്ങി നില്‍ക്കുമ്പോള്‍ കത്തോലിക്കാ സഭ വീണ്ടും അതിന്റെ മഹത്വം വീണ്ടെടുത്തുവെന്ന വെളിപ്പെടുത്തലുമായി വന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.

‘ചര്‍ച്ച് ദാറ്റ് കെയേഴ്സ്’ എന്ന തലക്കെട്ടോടെ ഇറങ്ങിയിരിക്കുന്ന വാരികയിലുടനീളമുള്ള ലേഖനങ്ങളിലും എഡിറ്റോറിയലിലും കേരളത്തിലെ സഭ നടത്തിയ ഇടപെടലുകളെ വാനോളം പുകഴ്ത്തുന്നുണ്ട്. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ തന്റെ വാഹനം വിറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതും ചങ്ങനാശേരി അതിരൂപതയും ഇടുക്കി രൂപതയുമെല്ലാം ദുരിതബാധിതര്‍ക്കായി പദ്ധതികള്‍ തയാറാക്കുന്നതുമെല്ലാം സഭ പാവങ്ങളുടെ ഒപ്പം ചേരുന്നുവെന്നതിനു തെളിവാണെന്ന് വാരികയില്‍ പറയുന്നു. തിരുവനന്തപുരത്ത് കലക്ടര്‍ വാസുകി രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളെ ആവശ്യപ്പെട്ട് വൈദികനെ വിളിച്ചപ്പോള്‍ എത്ര ബോട്ടും ആളുകളെയുമാണ് വേണ്ടതെന്ന് ചോദിച്ച വൈദികന്റെയും സഭയുടെയും നന്മയെ പ്രകീര്‍ത്തിച്ച് കലക്ടര്‍ തന്നെ രംഗത്തെത്തിയതും എഡിറ്റോറിയലില്‍ പറയുന്നുണ്ട്.


കത്തോലിക്കാ പുരോഹിതന്‍ അഗസ്റ്റിന്‍ വട്ടോളി പ്രതിഷേധിക്കുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുന്നു

സമീപകാലത്ത് കേരളത്തിലെ സഭയിലുണ്ടായ പ്രശ്നങ്ങളെയെല്ലാം കഴുകിക്കളയുന്ന രീതിയിലുള്ള മഹത്വമാണ് ഇപ്പോള്‍ കേരളത്തിലെ സഭയ്ക്കുള്ളതെന്നും വാരിക പറയുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ചരിത്രത്തിലാദ്യമായി തെരുവില്‍ സമരത്തിനിറങ്ങുമ്പോഴാണ് കേരളത്തിലെ സഭയുടെ മഹത്വം ഉയര്‍ത്തിക്കാട്ടി സഭയുടെ കീഴിലുള്ള വാരിക തന്നെ രംഗത്തിറങ്ങിയിരിക്കുന്നതെന്നതും ശ്രദ്ധേയം.

അതേസമയം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ നിശിത വിമര്‍ശനവുമായി ‘കാര്‍ഡിനല്‍ സിന്‍’ എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ കറന്റസ് കവര്‍സ്‌റ്റോറി പുറത്തിറക്കിയിരുന്നു. എന്നാല്‍ കര്‍ദിനാളിനെതിരായുള്ള വിമര്‍ശനത്തില്‍ രോഷംപൂണ്ട സഭാ നേതൃത്വം ഇടപെട്ട് വാരിക പിന്‍വലിപ്പിച്ചിരുന്നു.

“കർദിനാളിന്‍റെ പാപം” പ്രസിദ്ധീകരണത്തിനെതിരെ വിലക്കുമായി സഭ

കഴിഞ്ഞ മാസം കന്യാസ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ‘ബി ഹ്യുമാനേ ഹോളി’ എന്ന പേരിലും കവര്‍‌സ്റ്റോറി ഇന്ത്യന്‍ കറന്റസ് പുറത്തിറക്കിയിരുന്നു. ദാരിദ്ര്യ വ്രതത്തിന്റെ പേരില്‍ ആര്‍ത്തവകാലത്ത് മഠങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ പോലും നിഷേധിക്കുന്ന സാഹചര്യമുണ്ടെന്ന തുറന്നു പറച്ചിലും വാരികയിലൂടെ പുറത്തുവന്നിരുന്നു.

‘സാനിറ്ററി പാഡുകൾ പോലും നിഷേധിക്കപ്പെടുന്നു’, കന്യാസ്ത്രീ മഠങ്ങളിലെ ക്രൂരതകളെ എണ്ണിപ്പറഞ്ഞ് സഭയുടെ മാസിക

എന്നാല്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഉള്‍പ്പെട്ട പീഡനക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീക്ക് നീതി ലഭിക്കണമെന്ന് തന്നെയാണ് തങ്ങളുടെ നിലപാടെന്ന് ഇന്ത്യന്‍ കറന്റസ് ചീഫ് എഡിറ്റര്‍ സുരേഷ് മാത്യു ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പ്രതികരിച്ചു. കേരളത്തെ നടുക്കിയ പ്രളയത്തില്‍ സഭ ശ്രദ്ധേയമായ പങ്കുവഹിച്ചതിനാലാണ് വാരിക ഈ ലക്കത്തില്‍ സഭ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചു പരാമര്‍ശിച്ചത്. അതിനര്‍ഥം ഇരയായ കന്യാസ്ത്രീക്ക് നീതി ലഭിക്കരുതെന്നോ കേരളത്തിലെ സഭയില്‍ യാതൊരു പ്രശ്നങ്ങളുമില്ലായെന്നുമല്ല. കന്യാസ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് രണ്ടാഴ്ച മുന്‍പ് ഇന്ത്യന്‍ കറന്റസ് വിശദമായി കവര്‍ സ്റ്റോറി തന്നെ ചെയ്തിരുന്നു. ഇപ്പോഴത്തെ കന്യാസ്ത്രീ പീഡന വിഷയത്തില്‍ കേരളത്തിലും ഭാരതത്തിലുമുള്ള സഭാ നേതൃത്വത്തിന്റെ നീണ്ട മൗനം കുറ്റകരമാണെന്നും നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിനു തുല്യമാണെന്നുമാണ് ഞങ്ങള്‍ കരുതുന്നത്, ഫാ.സുരേഷ് മാത്യു പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nun protest against bishop article in indian currents church that cares

The moderation of comments is automated and not cleared manually by malayalam.indianexpress.com