/indian-express-malayalam/media/media_files/uploads/2018/07/franko-1.jpg)
കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ കേസ് നൽകിയ കന്യാസ്ത്രീയെ വധിക്കാൻ ശ്രമമെന്ന് പരാതി. കുറവിലങ്ങാട് പൊലീസിലാണ് കന്യാസ്ത്രീ പരാതി നൽകിയത്. കന്യാസ്ത്രീ സഞ്ചരിക്കുന്ന കാറിന്റെ ബ്രേക്ക് തകരാറിലാക്കാൻ ശ്രമം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
കന്യാസ്ത്രീ താമസിക്കുന്ന മഠത്തിൽ അന്യ സംസ്ഥാന തൊഴിലാളി ജോലി ചെയ്യുന്നുണ്ട്. ഇയാളുടെ പക്കലിൽനിന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ ബന്ധു കന്യാസ്ത്രീയുടെ യാത്രാവിവരങ്ങൾ തിരക്കിയെന്നും ഏതു കാറിലാണ് പുറത്തേക്ക് പോകുന്നതെന്നുമുളള കാര്യങ്ങൾ തിരക്കിയെന്നാണ് പരാതിയിലുളളത്. ഫോണിൽവിളിച്ചാണ് കാര്യങ്ങൾ തിരക്കിയതെന്നാണ് കന്യാസ്ത്രീയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
പരാതിയിൽ പൊലീസ് കേസ്​ റജിസറ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ലോറൻസ് എന്ന വൈദികന്റെ അനിയനാണ് ജീവനക്കാരനെ വിളിച്ചതെന്നും മുമ്പും ഇയാൾ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കന്യാസ്ത്രീയുടെ സഹോദരൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ബലാത്സംഗ കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ജലന്ധർ ബിഷപ് ഹൗസിലെത്തിയാണ് ചോദ്യം ചെയ്തത്. ആവശ്യമെങ്കിൽ ബിഷപ്പിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വൈകുകയാണ്.
2014 മേയില്‍ ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതക്ക് കീഴിലെ കുറവിലങ്ങാട്ടെ മഠം ഗസ്റ്റ് ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് 13 തവണ ഇത് തുടര്‍ന്നുവെന്നുമാണ് കന്യാസ്ത്രീയുടെ പരാതി. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മാനസികമായും പിഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. പീഡിപ്പിക്കപ്പെട്ടതായി കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളിൽ ബിഷപ്പ് കുറുവിലങ്ങാട് ഉണ്ടായിരുന്നുവെന്ന് റജിസ്റ്റർ പരിശോധിച്ചതിൽനിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.