കൊല്ലം: പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മൗണ്ട് താബോർ ദയറ കോൺവെന്റിലെ കിണറ്റിലാണ് സിസ്റ്റർ സൂസമ്മയുടെ മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിലെ അധ്യാപികയാണ് സി.ഇ.സൂസമ്മ (54). 12 വർഷമായി ഈ സ്കൂളിലെ അധ്യാപികയാണ്. കൊല്ലം കല്ലട സ്വദേശിയാണ്.

ഇന്നു രാവിലെ ഒൻപതു മണിയോടെ ജീവനക്കാരാണ് കോൺവെന്റ് കിണറ്റിൽ മൃതദേഹം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സിസ്റ്റർ സൂസമ്മ അധ്യാപികയായിരുന്ന സെന്റ് സ്റ്റീഫൻസ് സ്കൂൾ

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് കീഴിലെ കോൺവെന്റാണ് ഇത്. കിണറിന് സമീപത്ത് രക്തപ്പാടുകളും വലിച്ചിഴച്ച പാടുകളും കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ മുറിയിലും രക്തക്കറയുണ്ട്. സിസ്റ്ററുടെ മുടി മുറിച്ച നിലയിലാണ്. മുറിച്ച മുടിയുടെ ഭാഗം സിസ്റ്ററുടെ മുറിയിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മാർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

കോൺവെന്റിൽ ഒറ്റയ്ക്കൊരു മുറിയിലാണ് സിസ്റ്റർ താമസിച്ചിരുന്നത്. ഒരാഴ്ചയായി അവധിയിലായിരുന്ന സിസ്റ്റർ വെളളിയാഴ്ചയാണ് തിരികെ ജോലിയിൽ പ്രവേശിപ്പിച്ചത്. സിസ്റ്റർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി കോൺവെന്റിലെ കന്യാസ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്.

25 വർഷം മുൻപ് കോട്ടയത്തെ സെന്റ് പയസ് കോൺവെന്റ് കിണറ്റിൽ സിസ്റ്റർ അഭയയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയിരുന്നു. 1992 മാർച്ച് 27-നാണ് 19 കാരിയായ അഭയ സിസ്റ്ററെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.