കൊല്ലം: പത്തനാപുരത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട കന്യാസ്ത്രീയുടെ മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം കിണറ്റിൽ നിന്ന് പുറത്തെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. മൃതദേഹത്തിൽ രണ്ട് കൈത്തണ്ടകളും മുറിച്ച നിലയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പത്തനാപുരം മൗണ്ട് താബോർ ദയറ കോൺവെന്റിലെ സിസ്റ്റർ സി.ഇ.സൂസമ്മയുടെ (54) മൃതദേഹമാണു കോൺവെന്റ് വളപ്പിലെ കിണറ്റിൽ രാവിലെ പത്തു മണിയോടെ കണ്ടെത്തിയത്. മൗണ്ട് താബോർ സ്കൂളിലെ അധ്യാപികയാണു സിസ്റ്റർ സൂസമ്മ. കന്യാസ്ത്രീ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്. മുടി മുറിച്ച നിലയിലാണ്. മുടിയുടെ ചില ഭാഗങ്ങൾ ഇവരുടെ മുറിക്കുള്ളിൽനിന്നു പൊലീസ് കണ്ടെത്തി.

സിസ്റ്റർ സൂസമ്മയെ ഞായറാഴ്ച രാവിലെ നടക്കുന്ന പ്രഭാത കുർബാനയ്ക്ക് പള്ളിയിലോ ചാപ്പലിലോ കാണാതിരുന്നതിനെ തുടർന്നായിരുന്നു അന്വേഷണം. ഒരു വലിയ കോമ്പൗണ്ടിന്റെ പല ഭാഗങ്ങളിലായാണ് ചാപ്പലും കോൺവന്റും സ്കൂളും സ്ഥിതി ചെയ്യുന്നത്. കോൺവെന്റിൽ അൻപതോളം കന്യാസ്ത്രീകൾ താമസിക്കുന്നുണ്ട്.

മരിച്ച സിസ്റ്റർ സൂസമ്മയെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുഃഖിതയായി കണ്ടെന്നാണ് കോൺവെന്റിലെ അന്തേവാസികളായ കന്യാസ്ത്രീകൾ പൊലീസിന് നൽകിയിരിക്കുന്ന പ്രാഥമിക മൊഴി. സിസ്റ്റർ ഈ ദിവസങ്ങളിൽ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചതായും ആശുപത്രിയിൽ പരിശോധനകൾക്ക് പോയതായും പറയുന്നു.

ഒരാഴ്ചയായി അവധിയിലായിരുന്ന സിസ്റ്റർ വെളളിയാഴ്ചയാണ് തിരികെ ജോലിയിൽ പ്രവേശിപ്പിച്ചത്. അപസ്‌മാര രോഗ ബാധിതയാണ് മരിച്ച സൂസമ്മ. 12 വർഷമായി പത്തനാപുരത്തെ സെന്റ് സ്റ്റീഫൻസ് സ്കൂളിലെ അദ്ധ്യാപികയാണ് ഇവർ. മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് കീഴിലെ കോൺവെന്റാണ് ഇത്. ഇവിടെ ഒരു മുറിയിൽ ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്.

കോട്ടയത്തെ സെന്റ് പയസ് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ട് 25 വർഷങ്ങൾ കഴിഞ്ഞു. സമാനമായ നിലയിൽ കിണറ്റിലാണ് സിസ്റ്റർ സൂസമ്മയുടെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. 1992 മാർച്ച് 27-നാണ് 19 കാരിയായ അഭയ സിസ്റ്ററെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.