കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ രാജ്യം 21 ദിവസം സമ്പൂര്‍ണ അടച്ചുപൂട്ടലിലാണ്. ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്നാണു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് വീടിനു പുറത്തിറങ്ങുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നാണു സര്‍ക്കാരുകളുടെയും ആരോഗ്യ വിഭാഗങ്ങളുടെയും നിര്‍ദേശം.

കൊറോണ വൈറസ് പകരുന്ന ശൃംഖല തകര്‍ക്കുന്നതിനുള്ള ശ്രമത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രസംഗിച്ചു. “സുരക്ഷിതമായി തുടരാനും കൊറോണ വൈറസ് തടയാനുമുള്ള ഒരേയൊരു മാര്‍ഗം സാമൂഹിക അകലം മാത്രമാണ്. പരസ്പരം അകലം പാലിച്ച് നിങ്ങളുടെ വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക,” പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ചുരുക്കം ചിലര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടെങ്കിലും പൊതുവെ എല്ലാവരും നിലവിലെ സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ ആറു മാസം ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളാണു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നതു സാമൂഹിക അകലം പാലിച്ചാണ്.

Read Also: ഉത്തരവാദിത്തത്തോടെ പെരുമാറൂ; അഭ്യർത്ഥനയുമായി മമ്മൂട്ടി

അവശ്യവസ്തുക്കള്‍ക്കു ക്ഷാമമുണ്ടാകില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും ജനങ്ങളുടെ പരിഭ്രാന്തി മാറിയിട്ടില്ല. ആളുകള്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന പ്രവണത രാജ്യമെമ്പാടുമുണ്ട്. അതേസമയം, അവശ്യസാധനങ്ങൾ വാങ്ങാനെത്തുന്നവരെക്കൊണ്ട് സാമൂഹ്യ അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രങ്ങള്‍ രാജ്യത്തെമ്പാടുനിന്നും പുറത്തുവന്നു കഴിഞ്ഞു.

ഇതിലൊരു ചിത്രം കേരളത്തില്‍നിന്നാണ്. റേഷന്‍ കടയിലെത്തിയ സ്ത്രീയ്‌ക്ക് വ്യാസമേറിയ പിവിസി പൈപ്പിലൂടെ ഭക്ഷ്യധാന്യം നല്‍കുന്നതാണു ചിത്രം. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ഈ ചിത്രം കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു.

കടയിലെ മേശയുടെ വശത്ത് പിടിപ്പിച്ച പൈപ്പിലൂടെയാണു കടയുടമ സ്ത്രീ കൊണ്ടുവന്ന സഞ്ചിയിലേക്കു ഭക്ഷ്യധാന്യം നല്‍കുന്നത്. പൈപ്പിന് ഏതാണ്ട് ഒരു മീറ്റര്‍ നീളം വരും. “അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ കടയുടമയും ഉപഭോക്താവും തമ്മിലുള്ള ശാരീരിക അകലം എങ്ങനെ നിലനിര്‍ത്താം – കേരള വഴി!” ചിത്രം പങ്കുവച്ചുകൊണ്ട് തരൂര്‍ എഴുതി.

അവശ്യവസ്തുക്കള്‍ വാങ്ങാനായി സാമൂഹ്യ അകലം പാലിച്ച് കടകള്‍ക്കു മുന്നില്‍ വരിനില്‍ക്കുന്നതിന്റെ നിരവധി ചിത്രങ്ങള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. കടകള്‍ക്കു മുന്നില്‍ ഓരോ മീറ്റര്‍ അകലത്തില്‍ രേഖപ്പെടുത്തിയ കള്ളികളിലും വട്ടങ്ങളിലും നിന്നാണ് ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.