കോട്ടയം: വനിതാ മതില്‍ വിഷയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്ത്. മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്ന പ്രസ്ഥാനമല്ല എന്‍എസ്എസ് എന്നും കോടിയേരി അത് ഓര്‍മിക്കണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതിന് ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണുള്ളത്. എന്‍എസ്‌എസ് എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ്. നിരീശ്വരവാദത്തിന് എതിരുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍എസ്‌എസിനെ ആര്‍എസ്‌എസ് വിഴുങ്ങുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് എന്‍എസ്എസിന്റെ പ്രസ്താവന. എന്‍എസ്‌എസിനെ ആക്ഷേപിക്കാന്‍ ശ്രമിക്കാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ട കാര്യത്തില്‍ പറ്റിയ വീഴ്ചകള്‍ തിരുത്താനാണ് സ്വയം ശ്രമിക്കേണ്ടതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറപ്പില്‍ പറഞ്ഞു.

വനിതാ മതിലിനെ വിമർശിച്ച എൻഎസ്എസ്സിന് കോടിയേരി ബാലകൃഷ്ണൻ ഇന്നലെ മറുപടി നൽകിയിരുന്നു. വനിതാ മതിലിൽ എൻഎസ്എസ്സിന്റെ പ്രതികരണം ശരിയായില്ലെന്നും എൻഎസ്എസ് നേതൃത്വം നിലപാട് തിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

വനിതാ മതിലിൽ പങ്കെടുക്കില്ലെന്ന് പറയുന്ന എൻഎസ്എസ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. എൻഎസ്എസിന് എങ്ങനെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാനാകും. എൻഎസ്എസിനെ ആർഎസ്എസ് തൊഴുത്തിൽക്കൊണ്ട് കെട്ടാനുള്ള നീക്കമാണ്. ഇതിനെതിരെ എൻഎസ്എസിൽ നിന്നുതന്നെ എതിർപ്പ് ഉയരണം. എൻഎസ്എസിന്റെ നടപടി ആത്മഹത്യാപരമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ക്ഷേത്രപ്രവേശനത്തിന് അനുകൂല നിലപാടെടുത്ത മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞാക്രമിക്കുന്നുവെന്നും മുഖ്യമന്ത്രിക്ക് ധാർഷ്ട്യമെന്ന് ചിലർ അധിക്ഷേപിക്കുന്നുവെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയായി കോടയേരി പറഞ്ഞു.

നവോത്ഥാന പാരാമ്പര്യമുള്ള സംഘടനകളേയും നവോത്ഥാന മൂല്യങ്ങൾ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവർഷ ദിനത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വിമർശിച്ചിരുന്നു. ഇതിനാണ് കോടിയേരി മറുപടി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.