ചങ്ങനാശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻഎസ്എസ്. കോടിയേരിയുടെ പ്രതികരണങ്ങൾ അതിരുകടക്കുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രതികരിച്ചു. കോടിയേരിയുടെ ഭാഷയിൽ മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ല. അധികാരം കൈയ്യിലുണ്ടെന്ന് കരുതി എന്തും പറയരുത്. അത് നല്ലതല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

സിപിഎമ്മിന്റെ പ്രസ്താവനകളെ ഭയക്കുന്ന സംഘടനയല്ല എൻഎസ്എസ്. സംഘടനയ്ക്കുളളിൽ ഭിന്നിപ്പ് ഉണ്ടാക്കാനുളള ശ്രമങ്ങളെ അതിജീവിക്കാനുളള ശേഷി എൻഎസ്എസിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാടമ്പിത്തരം മനസില്‍ വച്ചാൽ മതിയെന്നായിരുന്നു എൻഎസ്എസിനെതിരെയുളള കോടിയേരിയുടെ പ്രതികരണം. എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ മാടമ്പികളുടെ പിന്നാലെ നടക്കേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും എല്ലാ സമുദായ സംഘടനകളിലുമുള്ള കര്‍ഷകരും സാധാരണക്കാരും സിപിഎമ്മിനൊപ്പമാണെന്നും മതനേതാക്കള്‍ മാത്രമാണ് എതിര്‍പ്പുമായി എത്തുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു.

എന്‍എസ്എസ് രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുണ്ട്. ആ വെല്ലുവിളി നേരിട്ടിട്ടുമുണ്ട്. അവര്‍ ഉള്‍പ്പെടുന്ന മുന്നണിയെ തോല്‍പ്പിച്ചാണ് 1986ല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നതെന്നും കോടിയേരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.