തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. മതേതരത്വമാണ് എന്‍എസ്എസ് നിലപാടെന്നും, മന്നത്ത് പത്മനാഭന്‍ നൂറ് വര്‍ഷം മുന്‍പ് പറഞ്ഞത് ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ലെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തതിന് കാരണമുണ്ടെന്നും സുകുമാരൻ നായർ.

മതേതരത്വവും, ജനാധിപത്യവും, സാമൂഹ്യ നീതിയുമാണ് എന്‍എസ്എസ് നയം. പൗരത്വം നിയമത്തിലും ഇതു തന്നെയാണ് നിലപാട്. നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മന്നത്ത് പത്മനാഭന്‍ പറഞ്ഞ ആശയങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ലെന്ന് സുകുമാരന്‍ നായര്‍. പെരുന്നയില്‍ നടന്ന എന്‍എസ്എസ് ബജറ്റ് സമ്മേളനത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്.

യോഗത്തിൽ എസ്എൻഡിപിക്കെതിരെയും സുകുമാരൻ നായർ പരോക്ഷ വിമർശനം ഉന്നയിച്ചു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ നിലപാട് പറയുന്നവരാണെന്ന പരോക്ഷ വിമര്‍ശനമാണ് സുകുമാരന്‍ നായര്‍ എസ്എന്‍ഡിപി യോഗത്തിനു നേരെ ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശന്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഇല്ലെന്നും സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കി.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭാ നടപടിക്കെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി.പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനുമാവില്ലെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. കേരളത്തിന്റെ നടപടി ഞെട്ടിപ്പിച്ചുവെന്നും ഭരണഘടനയെ വെല്ലുവിളിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.