തിരുവനന്തപുരം: ആചാരം പാലിച്ച് വരുന്നവരെ അറസ്റ്റ് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്നും നിലവിലെ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ശബരിമലയില്‍ നടക്കുന്നത് പൊലീസ് ഭരണമാണെന്നും യുദ്ധസമാനമായ രീതിയിലാണ് അവിടെ പൊലീസിനെ വിന്യസിച്ചിരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സുപ്രീം കോടതി വിധി തിരക്കിട്ട് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. അന്യായമായ നിയന്ത്രണങ്ങള്‍ മൂലം ശബരിമലയിലേക്ക് വരാന്‍ ഭക്തര്‍ മടിക്കുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം, നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു കെ.സുരേന്ദ്രന്റെ അറസ്റ്റ്.