തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണ്. ആരെയും അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. മുഖ്യമന്ത്രിയെന്ന നിലയിലല്ല പിണറായി ജനങ്ങളെ കൈകാര്യം ചെയ്യുന്നത്. ആരുടെയും ചട്ടുകമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ജാതീയമായി വേർതിരിക്കുന്നതായി വനിതാ മതിൽ മാറുന്നു. വനിതാ മതിൽ വിഭാഗീയത ഉണ്ടാക്കും. ജനങ്ങളെ വിഭജിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടുപോകുന്നത് എന്തിനാണ്. നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കുന്നത് എന്തിനാണ്? സ്ത്രീകൾക്ക് മാത്രമാണോ നവോത്ഥാനം ഉളളത്?. നവോത്ഥാനം വേണം, അനാചാരങ്ങൾ മാറുക തന്നെ വേണം. വനിതാ മതിലിൽ പങ്കെടുക്കണമോ വേണ്ടോയെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണ്.

യുവതീ പ്രവേശനം എന്ന പേരിൽ ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഇല്ലാതാക്കാനാണ് നീക്കം. സുപ്രീം കോടതി വിധിയിൽ സർക്കാർ ഉറച്ചു നിന്നാൽ കേന്ദ്ര സർക്കാരിനെ സമീപിക്കും. ശബരിമല സ്ത്രീ പ്രവേശനത്തിന് നവോത്ഥാനവുമായി എന്തു ബന്ധമാണുളളതെന്നും സുകുമാരൻ നായർ ചോദിച്ചു.

സമദൂര നിലപാടിൽനിന്ന് മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ നിലപാട് മാറ്റേണ്ടി വന്നാൽ അപ്പോൾ ആലോചിക്കും. എൻഎസ്എസ്സിന് പാർലമെന്ററി മോഹമില്ല. സർക്കാരിൽനിന്ന് എന്തെങ്കിലും കിട്ടണമെന്നില്ല. അനർഹമായി ഒന്നും ഒരു സർക്കാരിൽനിന്നും നേടിയിട്ടില്ല. ശബരിമല വിഷയത്തിൽ മാത്രമാണ് സർക്കാരിനോട് എതിർപ്പ്. രാഷ്ട്രീയം നോക്കാതെ തിരഞ്ഞെടുപ്പിൽ സന്ദർഭോചിതമായ നിലപാടെടുക്കും. വിശ്വാസം സംരക്ഷിക്കുന്ന പാർട്ടികളെ പിന്തുണയ്ക്കുമെന്നും സംഘടന എന്ന നിലയിലാകില്ല പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാന പാരാമ്പര്യമുള്ള സംഘടനകളേയും നവോത്ഥാന മൂല്യങ്ങൾ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവർഷ ദിനത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ‘കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്’ എന്നാണ് വനിതാ മതിൽ പരിപാടിയുടെ മുദ്രാവാക്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook