/indian-express-malayalam/media/media_files/uploads/2023/08/sukumaran-nayar-shamseer.jpg)
മിത്ത് വിവാദം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജി സുകുമാരാന്‍ നായര്‍
തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ എന്‍എസ്എസ് പ്രതിഷേധം. എ എന്‍ ഷംസീറിന്റെ പരാമര്‍ശത്തില്‍ ശബരിമല മാതൃകയില്‍ ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിച്ച് പ്രതിഷേധിക്കാനാണ് എന്‍എസ്എസ് തീരുമാനം. വിശ്വാസ സംരക്ഷണദിനത്തില്‍ നാമജപഘോഷയാത്ര നടത്തും.
സ്പീക്കര്‍, പരാമര്‍ശം പിന്‍വലിച്ച് ഉടന്‍ മാപ്പ് പറയണമെന്നാണ് എന്‍എസ്എസ് ആവശ്യം. സ്പീക്കറുടെ പരാമര്‍ശത്തെ നിസ്സാരവല്‍ക്കരിച്ച് പിന്തുണക്കുന്ന സിപിഎം നേതൃത്വത്തിനെതിരെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ വിമര്‍ശനം ഉന്നയിച്ചു. സ്പീക്കറുടെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കില്‍ തറച്ചതാണെന്നും അതില്‍ വിട്ടു വീഴ്ചയില്ലെന്നും ജി.സുകുമാരന്‍ നായര്‍ പ്രതികരിച്ചു. എന്‍എസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാക്ഷേത്ര ദര്‍ശനത്തിന് എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കര്‍ ഹൈന്ദവ ജനതയോടു മാപ്പു പറയണമെന്നു വീണ്ടും ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ മറ്റു ഹിന്ദു സംഘടനകളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ചേര്‍ന്നു പ്രവര്‍ത്തിക്കും. ശാസ്ത്രമല്ല വിശ്വാസമാണു വലുതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ പ്രസ്താവനയ്ക്ക് എതിരെ ഇന്ന് എല്ലാ കരയോഗങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയാണ്.
ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ എല്ലാ മതങ്ങളെയും ഒരുപോലെ സ്‌നേഹിച്ചു കൊണ്ട് എല്ലാവരോടും സഹവര്‍ത്തിത്തതോടു കൂടി ഒരു മതവിഭാഗത്തെയും വിമര്‍ശിക്കാതെ അവര്‍ക്കുള്ള ആരാധനാ സ്വാതന്ത്ര്യം എല്ലാം ശരിവച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ഒരു പാരമ്പര്യമാണ് ഹൈന്ദവന്റേത്. മാത്രമല്ല ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടയാള്‍ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഇത്ര നിന്ദവും നീചവുമായി നമ്മള്‍ ആരാധിക്കുന്ന ഈശ്വരനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ എല്ലാ തരത്തിലും വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെ അവര്‍ നേരിടേണ്ടി വരുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രംവരെയാണ് എന്‍എസ്എസ്സിന്റെ ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കാന്‍ താലൂക്ക് യൂണിയനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്പീക്കര്‍ എ എം ഷംസിറിന്റെ പ്രസംഗം
''നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ മാത്രമാണ്. എന്റെ കാലത്തൊക്കെ വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോള്‍ അവരല്ല, അതു തെറ്റാണ്. വിമാനം ഹിന്ദുത്വ കാലത്തേയുണ്ട്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്.
ശാസ്ത്ര സാങ്കേതികരംഗം വികാസം പ്രാപിക്കുന്നുവെന്നു മാത്രമല്ല, ശാസ്ത്രത്തിനു പകരം വ്യക്തികളെ വയ്ക്കുന്നു. പാഠപുസ്തകങ്ങള്‍ക്കകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരങ്ങളെന്ന ഉത്തരം തെറ്റാകുന്നതും ഹിന്ദുത്വകാലം എന്നെഴുതിയത് ശരിയാകുന്നതും.
ചിലര്‍ കല്യാണം കഴിച്ചാല്‍ കുട്ടികളുണ്ടാകില്ല. വന്ധ്യതാ (ചികിത്സയുടെ) പ്രത്യേകത ചിലപ്പോള്‍ ഇരട്ടകളുണ്ടാകും, ചിലപ്പോള്‍ മൂന്നുപേരുണ്ടാണ്ടാകും. അത് അതിന്റെ പ്രത്യേകതയാണ്. ഇവര്‍ പറയുന്നു, അത് നേരത്തെയുള്ളതാണ്. ഇതൊന്നും ഇപ്പോഴുണ്ടായതല്ല. അതാണ് കൗരവപ്പട. കൗരവപ്പടയുണ്ടായത് ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു.
വൈദ്യശാസ്ത്രം തന്നെ കൂടുതല്‍ കൂടുതല്‍ മൈക്രോ ആയി. സര്‍ജറി പ്ലാസ്റ്റിക് സര്‍ജറി ആയി. പ്ലാസ്റ്റിക് സര്‍ജറി എന്നു പറയുന്നത്, ചിലപ്പോള്‍ പരിക്കുപറ്റി കൊണ്ടുവരുമ്പോള്‍ ചില പെണ്‍കുട്ടികളുടെ മുഖത്ത് കല വന്നാല്‍ ഡോക്ടര്‍മാര്‍ ചോദിക്കും, അല്ലാ.. നോര്‍മല്‍ സ്റ്റിച്ചിങ് വേണോ, അതോ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സ്റ്റിച്ച് ചെയ്യണോയെന്ന്. കാരണം, മുഖത്ത് കല വന്നാല്‍ അവിടെത്തന്നെ നില്‍ക്കുമല്ലോ..! പ്രത്യേകിച്ചും സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന തലമുറയോട് സ്വാഭാവികമായും പ്ലാസ്റ്റിക് സര്‍ജറി നടത്തണോയെന്നു ചോദിക്കും. പ്ലാസ്റ്റിക് സര്‍ജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാല്‍, പ്ലാസ്റ്റിക് സര്‍ജറി ഹിന്ദുത്വ കാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.''
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.