തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന് ആരോടും ശത്രുതയില്ല, കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത് പെരുമാറ്റച്ചട്ടം മൂലമാണെന്നത് വസ്തുതാവിരുദ്ധമാണെന്നും സുകുമാരൻ നായർ പറഞ്ഞു.
മന്നം ജയന്തി പൊതുഅവധിയാക്കുന്നത് ഗൗരവതരമായി പരിഗണിച്ചിരുന്നുവെന്ന് പറയുന്നത് പൊള്ളത്തരമാണെന്നും 2017ലും 2018ലും ഇതിനായി രണ്ട് നിവേദനങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നുവെന്നും രണ്ടിനും സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
“മന്നംജയന്തി പൊതു അവധിദിവസമാണെങ്കിലും, നെഗോഷ്യബിള്‍ ഇന്‍സമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പൊതു അവധിയായിക്കൂടി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2017 ഡിസംബര്‍ 21ലും 2018 ഫെബ്രുവരി എട്ടിനും രണ്ട് നിവേദനങ്ങളാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നത്. ആദ്യത്തെ നിവേദനത്തിന് മറുപടിയായി ലഭിച്ചത്, ‘പുതിയതായി അവധികളൊന്നും അനുവദിക്കേണ്ടതില്ല എന്നതാണ് സര്‍ക്കാരിന്റെ പൊതുവായ നയം. ഈ സാഹചര്യത്തില്‍ താങ്കളുടെ ആവശ്യം പരിഗണിക്കാന്‍ നിര്‍വാഹമില്ല,’ എന്നായിരുന്നു.”
“രണ്ടാമത്തെ നിവേദനത്തിന് ‘നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ട് പ്രകാരം 15 ദിവസത്തിലധികം പൊതുഅവധി അനുവദിക്കരുതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ടെന്നും എന്നിരുന്നാലും സംസ്ഥാനത്തെ പൊതു അവധികള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിലും കൂടുതലായി അനുവദിക്കണ്ടിവരുന്നുണ്ട് എന്നും, 2018 വര്‍ഷത്തില്‍ ഇത്തരത്തിലുള്ള 18 അവധികള്‍ അനുവദിച്ചിട്ടുള്ളസാഹചര്യത്തിലും പുതുതായി അവധികളൊന്നും അനുവദിക്കേണ്ടതില്ല എന്ന പൊതുനയത്തിന്റെ അടിസ്ഥാനത്തിലും അപേക്ഷയിലെ ആവശ്യം അംഗീകരിക്കുവാന്‍ നിര്‍വാഹമില്ല’ എന്ന മറുപടിയുമാണ് ലഭിച്ചത്.”
ഈ വിഷയം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിരുന്നു എന്ന മുഖ്യമന്തിയുടെ ഇപ്പോഴത്തെ മറുപടിയിലെ പൊള്ളത്തരം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തി.