തിരുവനന്തപുരം: എൻഎസ്എസിന്റെ തുടർച്ചയായ വിമർശനങ്ങളിൽ പൊതുസമൂഹത്തിനു സംശയമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി എൻഎസ്എസ് സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസ് ഇപ്പോഴും സമദൂരത്തിൽ തന്നെയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചോ മറ്റ് വിവാദങ്ങളെ സംബന്ധിച്ചോ എൻഎസ്എസ് ഒരിക്കലും പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാരിനു മുന്നിൽ വച്ച ആവശ്യങ്ങളെ കുറിച്ച് മാത്രമാണ് ഇപ്പോഴും സംസാരിക്കുന്നതെന്ന് സുകുമാരൻ നായർ പറഞ്ഞു.
എൻഎസ്എസ് മൂന്ന് കാര്യങ്ങളാണ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. ആ കാര്യങ്ങളിലൊന്നും പൊതു സമൂഹത്തിനു സംശയത്തിന് ഇടയില്ല. ആ മൂന്ന് കാര്യങ്ങളിൽ എന്ത് രാഷ്ട്രീയമാണ് ഉള്ളതെന്ന് ഇതിനെ രാഷ്ട്രീയമായി ബന്ധപ്പെടുത്തി വിമർശിക്കുന്നവർ പറയട്ടെ. ഇക്കാരണങ്ങൾ പറഞ്ഞ് എൻഎസ്എസിനെയോ അതിന്റെ നേതൃത്വത്തെയോ വിരട്ടാമെന്നു ചിന്തിക്കുന്നവർ മൂഢസ്വർഗത്തിലാണെന്നേ പറയാനുള്ളൂവെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.
ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് വിശ്വാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണം, ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന പത്തു ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും കൊണ്ടുവരണം, മന്നത്ത് പദ്മനാഭന്റെ ജന്മദിനം പൊതു അവധിയായി കഴിഞ്ഞ സർക്കാർ തീരുമാനിച്ചത് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരണം എന്നിവയാണ് എൻഎസ്എസ് സർക്കാരിന് മുന്നിൽവച്ച ആവശ്യങ്ങൾ.
ഭരണഘടനാ ഭേദഗതി പ്രകാരം കേന്ദ്രസർക്കാർ 2019 ജനുവരി ആദ്യം കൊണ്ടുവന്ന പത്തു ശതമാനം സാമ്പത്തിക സംവരണം ഒരു വർഷത്തിനു ശേഷം അംഗീകരിച്ച് 2020 ഫെബ്രുവരിയിൽ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് എട്ടു മാസത്തിനു ശേഷമാണ് കേരള സ്റ്റേറ്റ് സബോർഡിനേറ്റ് റൂളിൽ ഭേദഗതി വരുത്തി മുന്നോക്ക വിഭാഗങ്ങളിലേ പിന്നാക്ക സംവരണം ഉറപ്പാക്കി ഉത്തരവായത്. 10 ശതമാനം സാമ്പത്തിക സംവരണം സംസ്ഥാനത്ത് നടപ്പാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ അതിന്റെ പ്രയോജനം മുന്നാക്കവിഭാഗത്തിനു ലഭിച്ചിട്ടില്ല.
മന്നം ജയന്തി ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സക്കാരിന് നിരവധി തവണ നിവേദനമയച്ചെങ്കിലും വൈകാരികമായ ഈ വിഷയത്തെ സർക്കാർ നിരസിക്കുകയായിരുന്നനു. ശബരിമല വിഷയം ഇപ്പോൾ എവിടെ നിൽക്കുന്നുവെന്ന് ജനങ്ങൾക്കറിയാമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും എൻഎസ്എസിനെതിരെ വിമർശനമുന്നയിച്ചിരുന്നു. ശബരിമല വിഷയത്തിലെ എൻഎസ്എസിന്റെ നിലപാട് ആരെ സഹായിക്കാനാണെന്ന് കാനം രാജേന്ദ്രൻ ചോദിച്ചിരുന്നു.