കോട്ടയം: സുപ്രീം കോടതി വിധിയുടെ മറവിൽ നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് ശബരിമലയിലെ യുവതീ പ്രവേശനത്തിലൂടെ നിരീശ്വര വാദം നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്ന് എൻഎസ്എസ്. ജനങ്ങൾ നൽകിയ അധികാരം കൈയ്യിൽ വച്ച് പാർട്ടി നയം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ പേരിൽ നടക്കുന്ന കലാപങ്ങൾക്കെല്ലാം കാരണക്കാർ സംസ്ഥാന സർക്കാരാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

സമാധാനപരമായി പരിഹരിക്കാവുന്ന പ്രശ്നം സർക്കാർ സങ്കീർണമാക്കി. അനാവശ്യമായ നിരോധനാജ്ഞ നടപ്പിലാക്കുക, നിരപരാധികളായ ഭക്തരെ കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുക, നാട്ടിൽ അരാജകത്വം സൃഷ്ടിക്കുക, ഹൈന്ദവ ആചാര്യന്മാരെ അധിക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക ഇതെല്ലാമാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്. ഇതൊരു ജനാധിപത്യ സർക്കാരിന് ചേർന്നതാണോയെന്നും സുകുമാരൻ നായർ ചോദിച്ചു.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിച്ച് വിശ്വാസം നിലനിർത്തേണ്ടത് ലക്ഷണക്കണക്കിന് വിശ്വാസികളുടെ ആവശ്യമാണ്. അവരുടെ വിശ്വാസം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സർക്കാർ ബാധ്യത നിറവേറ്റിയില്ലെങ്കിൽ വിശ്വാസികൾ രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.