തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്‌എസ് സ്വീകരിക്കുന്ന നിലപാട് പുനഃപരിശോധിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്‌എസ് ശത്രുപക്ഷത്തുള്ള സംഘടനയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ശരിദൂര നിലപാടായിരിക്കും എന്‍എസ്‌എസ് സ്വീകരിക്കുകയെന്നു ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചുള്ളതായിരുന്നു പ്രസ്താവന. ഇതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
“സമുദായത്തിലെ അംഗങ്ങള്‍ പോലും ആഗ്രഹിക്കുന്ന നിലപാടല്ല എന്‍എസ്‌എസ് സ്വീകരിച്ചിരിക്കുന്നത്. എന്‍എസ്‌എസ് ഒരിക്കലും ശത്രുപക്ഷത്തുള്ള സംഘടനയല്ല. ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് പുനഃപരിശോധിക്കണം. എന്‍എസ്എസ് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കും. എന്‍എസ്‌എസിനോട് എല്‍ഡിഎഫിന് നിഷേധാത്മകമായ നിലപാട് ഇല്ല” കോടിയേരി പറഞ്ഞു.
Read Also: ജോളിക്ക് മൂന്ന് ഫോണുകളുണ്ട്, ഇപ്പോൾ ഒന്നും കാണാനില്ല: ഷാജു
എൻഎസ്‌എസിന്റെ ശരിദൂര നിലപാടിൽ കോൺഗ്രസ് പ്രതീക്ഷ അർപ്പിക്കുകയാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എൻഎസ്എസ് നിലപാട് സ്വാഗതം ചെയ്തു. എൻഎസ്‌എസ് സ്വീകരിച്ച ശരിദൂര നിലപാട് ശരിയായുള്ള നിലപാടാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എൻഎസ്‌എസ് നിലപാടിനെ പൂർണമായി സ്വാഗതം ചെയ്യുന്നതായി രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
അതേസമയം, ശബരിമല വിഷയം ചൂണ്ടിക്കാട്ടി എൻഎസ്‌എസ് കേന്ദ്ര സർക്കാരിനെതിരെ ഉയർത്തിയ വിമർശനത്തോടു കേരളത്തിലെ ബിജെപി നേതൃത്വം പ്രതികരിച്ചില്ല. എൻഎസ്‌എസ് ഒരു രാഷ്ട്രീയ പാർട്ടിയല്ലല്ലോ എന്നു മാത്രമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞത്.