ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച ശരിദൂരം നിലപാടിനെ ന്യായീകരിച്ച് എന്‍എസ്എസ്. ശരിദൂരം ശരിയെന്ന് കാലം തെളിയിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. സംഘടനയുടെ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
സമദൂരത്തില്‍നിന്ന് ശരിദൂരത്തിലേക്ക് മാറിയത് വിശ്വാസസംരക്ഷണത്തിനാണ്. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും യുഡിഎഫിനുവേണ്ടി വോട്ടുപിടിച്ചെന്ന ആരോപണം തെറ്റാണെന്നും എന്‍എസ്എസ് വ്യക്തമാക്കി.
വട്ടിയൂർകാവ് ഉപതിരഞ്ഞെടുപ്പിൽ എൻഎസ്എസ് ഒരു പാർട്ടിയെയും പിന്തുണച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കഴിഞ്ഞ ദിവസം ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു. ശരിദൂര നിലപാടാണ് സ്വീകരിച്ചതെന്നും എൽഡിഎഫിനോ യുഡിഎഫിനോ ബിജെപിക്കോ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ എൻഎസ്എസ് പറഞ്ഞിട്ടില്ലെന്നും തങ്ങളുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും സുകുമാരൻ നായർ അഭിമുഖത്തിൽ പറഞ്ഞു.
“എൻഎസ്എസ് പരസ്യമായി ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ശരിദൂരമായിരുന്നു ഞങ്ങളുടെ നിലപാട്. കോൺഗ്രസിനോ കമ്മ്യൂണിസ്റ്റിനോ ബിജെപിക്കോ ഏതെങ്കിലും സമുദായത്തിൽപ്പെട്ടവർക്കോ വോട്ട് ചെയ്യണമെന്നോ അല്ലെങ്കിൽ ഏതെങ്കിലും സമുദായത്തിൽപ്പെട്ടവർക്ക് വോട്ട് ചെയ്യാൻ പാടില്ലെന്നോ എന്റെ ഒരു പ്രസ്താവനയും എൻഎസ്എസിന്റ പേരിൽ വന്നിട്ടില്ല. ഒരു അവകാശവാദവുമില്ല, ഒരു ആശങ്കയുമില്ല, ഒരു പ്രത്യേക നേട്ടവും ഇതിൽ ഞങ്ങൾ കാണുന്നുമില്ല,” സുകുമാരൻ നായർ പറഞ്ഞു.
അതേസമയം എൻഎസ്എസിന്റെ നിലപാട് മറ്റൊരു രീതിയിൽ തിരിച്ചടിയായോ എന്ന് സംശയിക്കുന്നതായി വട്ടിയൂർകാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാർ പ്രതികരിച്ചിരുന്നു. എന്നാൽ എൻഎസ്എസ് കോൺഗ്രസിനെ അനുകൂലിച്ചുകൊണ്ട് നിലപാടെടുത്തിട്ടില്ലെന്നും കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രസ്താവനയാണ് അത്തരത്തിലൊരു തെറ്റിദ്ധാരണ സൃഷ്ടിച്ചതെന്നും സുകുമാരൻ നായർ പ്രതികരിച്ചു.