തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിനു (എന്‍എസ്ജി) കൈമാറണമെന്ന തമിഴ്‌നാട് ആവശ്യം നിലനില്‍ക്കുന്നതിനിടെ എന്‍എസ്ജി ടീം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ സന്ദര്‍ശനം നടത്തി കേരള പൊലീസ് ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും.

എന്‍എസ്ജിയുടെ ഇരുപതംഗ ടീമാണ് ഡാമില്‍ പരിശോധന നടത്തുക. രാവിലെ തേക്കടി ബോട്ട് ലാന്‍ഡിങ്ങിലെത്തുന്ന സംഘം പരിശോധന ആരംഭിക്കും. പരിശോധനയുടെ ഭാഗമായി സംഘം മുല്ലപ്പെരിയാര്‍ ഡാം, ബേബി ഡാം, ഗാലറി, സ്പില്‍വേ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്നു സുരക്ഷാ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിക്കും.

അന്‍പതു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ഡാമുകളില്‍ വര്‍ഷത്തില്‍ ഒരു തവണ എന്‍എസ്ജി ടീം പരിശോധന നടത്തണമെന്നാണ് ചട്ടം. എന്‍എസ്ജി ടീമിന്റെ സന്ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ കേരളത്തിലെ മുല്ലപ്പെരിയാര്‍ ഉപസമിതിയുടെ പ്രതിനിധിയും ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയറുമായ ജോര്‍ജ് ഡാനിയേലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തും. നിലവില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ കേരള സര്‍ക്കാരിനു കീഴിലാണുള്ളത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാറില്‍ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഡാമിന്റെ സുരക്ഷയ്ക്കു നേതൃത്വം നല്‍കുന്നത്. അതേസമയം, കേരളം ഒരുക്കുന്ന സുരക്ഷ അപര്യാപ്തമാണെന്നും എന്‍എസ്ജിക്കു മാത്രമേ മികച്ച സുരക്ഷ ഉറപ്പാക്കാന്‍ കഴിയുകയുള്ളുവെന്നുമാണ് തമിഴ്നാടിന്റെ വാദം.

നിലവില്‍ 122.5 അടിയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 2025 ഘനയടി ജലം ഡാമിലേക്ക് ഒഴുകിയെത്തുമ്പോള്‍ സെക്കന്‍ഡില്‍ 218 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. മണ്‍സൂണ്‍ ദുര്‍ബലമായതിനെത്തുടര്‍ന്ന് താഴ്ന്നിരുന്ന ഡാമിലെ ജലനിരപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ വൃഷ്ടിപ്രദേശത്തു പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ