സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെയും മീടുവിനെതിരെയും നടന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ശ്രീനിവാസനെ പിന്തിരിപ്പന്‍ എന്നാണ് എന്‍.എസ് മാധവന്‍ വിശേഷിപ്പിച്ചത്.

സ്വഭാവേന പിന്തിരിപ്പനായ ശ്രീനിവാസന്‍ സിനിമാ മേഖലയിലെ മീടു മൂവ്‌മെന്റിനെതിരായി കരാര്‍ പ്രകാരമുള്ള പീഡനം എന്ന പരാമര്‍ശത്തിലൂടെ നടത്തിയത് സെക്‌സിസ്റ്റ് തമാശയാണെന്നും, ഈ അവസരത്തില്‍ താന്‍ ആക്രമിക്കപ്പെട്ട നടിക്കും ഡബ്ല്യൂസിസിയിലെ അവരുടെ സുഹൃത്തുക്കള്‍ക്കുമൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നും കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കണമെന്നും എന്‍എസ് മാധവന്‍ പറഞ്ഞു.

NS Madhavan, Sreenivasan, iemalayalam

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമയിലെ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞത്. ഒരു സ്ത്രീ സ്വയം തയ്യാറായാല്‍ മാത്രമേ എന്തും സംഭവിക്കൂ എന്നും ശ്രീനിവാസന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞു. സിനിമയിലെ സ്ത്രീ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനേയും (ഡബ്ല്യു.സി.സി) ശ്രീനിവാസന്‍ വിമര്‍ശിച്ചു.

Read More: സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ ചൂഷണമില്ല; ഡബ്ല്യൂസിസി എന്തിന്? ശ്രീനിവാസന്റെ പ്രസ്താവന വിവാദമാകുന്നു

‘നടിയെ ആക്രമിച്ച സംഭവം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞാണ് ദിലീപ് രംഗത്തെത്തുന്നത്. അത് വരെ പള്‍സര്‍ സുനി മാത്രമാണ് കേസിലുളളത്. കെട്ടിച്ചമച്ച കഥയാണത്. ഒന്നരക്കോടി രൂപക്ക് ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നത് ശരിയല്ല. എനിക്ക് അറിയാവുന്ന ദിലീപ് ഇത്തരം കാര്യങ്ങള്‍ക്ക് ഒന്നരക്കോടി പോയിട്ട് ഒന്നര രൂപ പോലും ചെലവാക്കില്ല,’ ശ്രീനിവാസന്‍ പറഞ്ഞു. മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ അഭിപ്രായപ്രകടനം.

‘ഡബ്ല്യുസിസി എന്ന് പറഞ്ഞാല്‍ അവരുടെ ഉദ്ദേശം എന്താണെന്നോ ആവശ്യം എന്താണെന്നോ എനിക്ക് മനസ്സിലായിട്ടില്ല. ഒരും സംഘടനയേയും നശിപ്പിക്കാനല്ല ഇക്കാര്യം പറയുന്നത്. സിനിമാ രംഗത്തെ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ല. സിനിമയിലെ വേതനം താരമൂല്യവും വിപണിമൂല്യവും കണക്കിലെടുത്താണ് ലഭിക്കുന്നത്. അത് ചൂഷണമാണെന്ന് കണക്കാക്കാനാവില്ല. നയന്‍താരയ്ക്ക് ലഭിക്കുന്ന വേതനം ഇവിടെ എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ശ്രീനിവാസന്‍ ചോദിച്ചു.

ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ നടി രേവതി രംഗത്തെത്തിയിരുന്നു.
തങ്ങളുടെ സിനിമകളാല്‍ ബഹുമാനിക്കപ്പെടുന്ന സെലിബ്രിറ്റികള്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത് വളരെ ഖേദകരമാണെന്ന് രേവതി പ്രതികരിച്ചു. കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ സംസാരിക്കാന്‍ സെലിബ്രിറ്റികള്‍ ബാധ്യസ്ഥരല്ലേ എന്നും ഇത്തരം പ്രസ്താവനകള്‍ വരും തലമുറകളില്‍ കൂടി പ്രതിഫലിക്കില്ലേയെന്നും ട്വിറ്ററിലൂടെ രേവതി ചോദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ജനങ്ങളുടെ പ്രതികരണങ്ങളെ തളളിക്കളയുന്നതായി അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു ശ്രീനിവാസന്റെ അഭിപ്രായപ്രകടനം. ‘ആരാണ് ജനങ്ങള്‍ ? അങ്ങനെയാണെങ്കില്‍ പൊലീസ് എന്തിനാ? ജനങ്ങള്‍ക്ക് അന്വേഷിച്ചാല്‍ പോരേ. അമ്മയിലെ അംഗങ്ങളേക്കാള്‍ ആക്രമിക്കപ്പെട്ട കുട്ടിയോട് താല്‍പര്യം പൊതുജനങ്ങള്‍ക്ക് എന്തിനാ? അത് തന്നെ ഒരു തട്ടിപ്പാണെന്ന് എനിക്ക് തോന്നുന്നു, ഈ പൊതുജനങ്ങള്‍, എന്ത് പൊതുജനങ്ങള്‍. നടിക്കെതിരെ നടന്നത് കാടത്തമാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം എല്ലാ ഘട്ടത്തിലും പിന്തുണയുണ്ടാകും. അവര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും തന്നെക്കൊണ്ട് ചെയ്യാവുന്നതാണേല്‍ ചെയ്യുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.