കേന്ദ്ര സർക്കാറിന്റെ കശാപ്പ് നിരോധന ഉത്തരവിന്റെ സാഹചര്യത്തിൽ എഴുത്തുകാരൻ എൻഎസ് മാധവന്റെ ട്വീറ്റ് ശ്രദ്ധേയമാകുന്നു. 1933ലെ നാസികളുടെ ഒരു നടപടി ഓമിപ്പിക്കുകയാണ് തന്റെ ട്വീറ്റിലൂടെ എൻഎസ് മാധവൻ. ബോധമുള്ള മൃഗങ്ങളെ അറുക്കുന്നത് നാസി ഭരണകൂടം 1933ൽ നിരോധിച്ചിരുന്നു. മൃഗങ്ങളെ ബോധരഹിതമാക്കിയതിന് ശേഷം മാത്രമേ അറുക്കാവൂ എന്നായിരുന്നു ഉത്തരവ്. ജൂതന്മാരെ ലക്ഷ്യമിട്ടായിരുന്നു ഈ ഉത്തരവ്.

പ്രത്യക്ഷത്തിൽ ഉത്തരവ് ജൂതന്മാരെയോ മറ്റുള്ളവരെയോ പരാമർശിക്കുന്നില്ലെങ്കിലും ഉത്തരവ് ജൂതന്മാരെ ഉദ്ദേശിച്ച് മാത്രമായിരുന്നു. ജൂത മതവിശ്വാസ പ്രകാരം ജീവനും ബോധവുമുള്ള ജീവികളെ അറുത്താൽ മാത്രമേ അതിനെ ഭക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ.(കോഷർ ഭക്ഷണങ്ങൾ എന്നാണ് അനുവദനീയമായ ഭക്ഷണങ്ങൾക്ക് ജൂതർ പറയുന്ന പേര്). ബോധരഹിതമാക്കിയ മൃഗങ്ങളെ അറുത്താൽ അത് കോഷർ ഭക്ഷണമാകില്ല. ഫലത്തിൽ ജൂതന്മാർകക്ക് മാംസം കഴിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായി. സമാനമായ രീതിയിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കശാപ്പ് നിരോധിച്ചിരിക്കുന്നതെന്നാണ് എൻഎസ് മാധവന്റെ ട്വീറ്റിന്റെ ധ്വനി. ഭക്ഷണവും ഫാഷിസവും എന്നെഴുതിക്കൊണ്ടാണ് ട്വീറ്റ് ആരംഭിക്കുന്നത്.

മുസ്സോളിനി പസ്ത വിഭവത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതും മറ്റൊരു ട്വീറ്റിൽ എൻഎസ് മാധവൻ സൂചിപ്പിക്കുന്നുണ്ട്. പസ്ത ഉണ്ടാക്കാനുള്ള ഗോതന്പ് ഇറ്റലിയിൽ കുറവായതിനാൽ പൗരന്മാർ അരി ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്നായിരുന്നു മുസ്സോളിനിയുടെ ഉത്തരവ്.

മോദി സർക്കാറും കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഇപ്പോൾ കശാപ്പു നിരോധനം കൊണ്ട് വന്നിരിക്കുന്നതെന്നും ജനങ്ങളിൽ ഒരു വിഭാഗത്തെയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നുമാണ് ട്വീറ്റിലൂടെ എൻഎസ് മാധവൻ വ്യക്തമാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.