കോഴിക്കോട്: മാതൃഭൂമി സാഹിത്യപുരസ്‌കാരം പ്രശസ്‌ത സാഹിത്യകാരൻ എൻ.എസ്. മാധവന്. കഥ, നോവൽ വിഭാഗങ്ങളിൽ മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകളാണ് എൻ.എസ് മാധവനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. രണ്ടു ലക്ഷം രൂപയും പ്രശസ്‌തിപത്രവും എം.വി.ദേവൻ രൂപകൽപനചെയ്‌ത ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം ജനുവരി രണ്ടാം കോഴിക്കോട് നടക്കുന്ന ചടങ്ങിലാണ് കൈമാറുന്നത്.

എം.കെ. സാനു അധ്യക്ഷനും കെ.ജയകുമാർ, ആഷാമേനോൻ എന്നിവർ അംഗങ്ങളായ സമിതിയാണ് എൻ.എസ്.മാധവനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്‌ടർ എം.പി വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രനും അറിയിച്ചു.

മലയാള സാഹിത്യത്തിന് നവഭാവുകത്വം നൽകിയ എഴുത്തുകാരനാണ് എൻ.എസ്. മാധവൻ. കോളേജ് വിദ്യാർത്ഥി ആയിരിക്കെ തന്നെ സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. മലയാളികൾക്ക് അപരിചിതമായിരുന്ന വിഷയങ്ങളാണ് മാധവൻ വ്യത്യസ്ഥമായ ആഖ്യാന ശൈലിയിൽ അവതരിപ്പിച്ചത്. എൻ.എസ്.മാധവന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി ‘ ഹിഗ്വിറ്റ’യാണ്. ചൂളമേട്ടിലെ ശവങ്ങൾ, തിരുത്ത്, പര്യായകഥകൾ, പഞ്ചകന്യകൾ തുടങ്ങിയ ചെറുകഥാസമാഹരങ്ങളും ലന്തൻ ബത്തേരിയിലെ ലുത്തിനീയകൾ എന്ന നോവലുമാണ് മലയാള സാഹിത്യത്തിന് മാധവൻ നൽകിയ സംഭാവനകൾ.

കൊച്ചിയിൽ ജനിച്ച എൻ.എസ്. മാധവൻ എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം 1975ൽ ഐ.എ.എസ് ഉദ്യോഗം ആരംഭിച്ചു. നീണ്ടകാലത്തെ സേവനത്തിന് ശേഷം ബീഹാറിലെ ചീഫ് ഇലക്‌ടറൽ ഓഫീസറായി വിരമിച്ചു. ഇന്ദിരാ ഗാന്ധിയുടെ വധത്തെതുടർന്ന് അരങ്ങേറിയ സിഖ് കൂട്ടകൊലയെ ആസ്‌പദമാക്കി ‘വൻ മരങ്ങൾ വീഴുമ്പോൾ’ എന്ന ചെറുകഥയും രചിച്ചിട്ടുണ്ട്.

ഓടക്കുഴൽ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി അവാർഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങളം എൻ.എസ്. മാധവന് ലഭിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ