കൊച്ചി: ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനേയും എഴുത്തുകാരൻ സക്കറിയയേയും വിമർശിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ രംഗത്ത്. ഐസ്ക്രീം, സോളാര്‍ തുടങ്ങി വമ്പന്മാര് സംശയിക്കപ്പെട്ട കേസുകളില്‍ കണ്ട ജനരോഷവും പരദുഃഖ ഹര്ഷവും മാത്രമെ ദിലീപിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളുവെന്ന് എൻഎസ് മാധവൻ ട്വിറ്ററിൽ കുറിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന ദിലീപ് അനുകൂല പോസ്റ്റുകളെ വിമർശിക്കുന്ന അദ്ദേഹം ഇപ്പോൾ ഈ ന്യായബോധം ഉണരുന്നത് ഹീനകൃത്യം മറക്കാനും പ്രതിക്കുവേണ്ടിയുമാണെന്ന് ആർക്കാണ് അറിയാത്തത് എന്നും ചോദിക്കുന്നു.
ഐസ്ക്രീം, സോളാർ തുടങ്ങി വമ്പന്മാർ സംശയിക്കപ്പെട്ട കേസുകളിൽ കണ്ട ജനരോഷവും പരദു:ഖഹർഷവും മാത്രമേ ദിലീപിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളൂ. 1/3
— N.S. Madhavan (@NSMlive) July 16, 2017
അസ്വാഭാവികമായിട്ടുള്ളത് കഴിഞ്ഞ 2 ദിവസമായി ശിക്ഷിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ല എന്ന SMലും പുറത്തും നടക്കുന്ന ശക്തമായ പ്രചരണമാണു. 2/3
— N.S. Madhavan (@NSMlive) July 16, 2017
ആർക്കാണിത് അറിയാത്തത്?ഇപ്പോൾ ഈ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാക്കുകയേയുള്ളൂ.3/3
— N.S. Madhavan (@NSMlive) July 16, 2017
അടൂരിന്റെയും സക്കറിയയുടേയും ചിത്രത്തിനൊപ്പം ‘ദൈവം അകറ്റിയവരെ ദിലീപ് കൂട്ടിയോജിപ്പിച്ചു’ എന്ന തലക്കെട്ടിൽ എൻ.മാധവൻകുട്ടിയുടെ ട്വീറ്റിനും എൻ.എസ് മാധവൻ പരിഹാസരൂപേണ മറുപടി നൽകിയിട്ടുണ്ട്.
താനറിയുന്ന ദിലീപ് ദുഷ്ടനോ അധോലോക നായകനോ അല്ലെന്നായിരുന്നു അടൂർ പറഞ്ഞത്. ‘ദിലീപ് കുറ്റക്കാരനോ നിരപരാധിയോ എന്ന് വിധി പ്രസ്താവിക്കാൻ ഞാൻ ആളല്ല. അത് കോടതിയാണ് ചെയ്യേണ്ടത്. ഇപ്പോൾ ദിലീപിനെ ശിക്ഷിക്കുന്നത് മാധ്യമങ്ങളാണ്. സത്യം തെളിയുംവരെ മാദ്ധ്യമങ്ങൾ ക്ഷമ കാണിക്കണം’ അടൂർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ദിലീപിനെയും കാവ്യാമാധവനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ‘പിന്നെയും’ എന്ന ചിത്രമാണ് അടൂർ ഒടുവിലായി സംവിധാനം ചെയ്തത്.
ദിലീപിനെതിരെയുള്ള മാധ്യമവിചാരണ സാമാന്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണെന്നായിരുന്നു എഴുത്തുകാരന് സക്കറിയയുടെ വാദം. “ക്രൂരമായി ഉപദ്രവിക്കപ്പെടുകയും പ്രാകൃതമായി അപമാനിക്കപ്പെടുകയും ചെയ്ത യുവ നടിയോടൊപ്പം ഉറച്ചു നില്ക്കുന്ന ഒരുവനാണ് ഞാന്‍- അനേക ലക്ഷം മലയാളികളെപ്പോലെ. പക്ഷേ എന്നെ അലട്ടുന്ന ഒരു വസ്തുത പങ്കുവെക്കാനാണ് ഈ കുറിപ്പെഴുതുന്നത്” എന്ന ആമുഖത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.
“യുവനടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചനയുടെ ഉത്തരവാദിത്തം നടന് ദിലീപിലാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ദിലീപിനെ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്തിരിക്കയാണ്. തെളിവെടുപ്പ് നടക്കുന്നതേയുള്ളു. കുറ്റപത്രം നല്‍കിയിട്ടില്ല. കുറ്റവിചാരണയുടെ ഘട്ടം ഇനിയും അകലെയാണ്. പക്ഷേ ദിലീപ് തന്നെയാണ് കുറ്റവാളി എന്നു വിധിയെഴുതിക്കഴിഞ്ഞതു പോലെയാണ് മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതും അതു വിശ്വസിക്കുന്ന ജനങ്ങള്‍ പ്രതികരിക്കുന്നതും.
ഇത് സാമാന്യ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് പറയാതെ വയ്യ. പൗരന്മാരായ നമ്മെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരവുമാണ്. കാരണം ആരുടെ മേലും ഇത്തരമൊരു മുന്‍വിധി അടിച്ചേല്‍പിക്കപ്പെട്ടേക്കാം. കുറ്റം ആരോപിക്കപ്പെട്ടവനില്‍ നിന്ന് നിഷ്കളങ്കതയുടെ സാദ്ധ്യത തന്നെ എടുത്തു കളയുന്ന അവസ്ഥ ഗരുതരമായ മനുഷ്യാവകാശ ലംഘനമാണ്”- സക്കറിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സക്കറിയയോടും അടൂരിനോടും അനുകൂലിച്ചും പ്രതികൂലിച്ചും നവ മാധ്യമങ്ങളിലും മറ്റും ചർച്ചകൾ പുരോഗമിക്കുകയാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.