കോഴിക്കോട്: ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള രാജിവച്ചു. രാജി സന്നദ്ധത അറിയിച്ച് പാര്‍ട്ടിക്ക് ശ്യാമള കത്ത് നല്‍കിയിരുന്നു. കണ്ണൂർ ജില്ലാ നേതൃത്വത്തിനാണ് കത്ത് നൽകിയത്. ജില്ലാ സെക്രട്ടറിയേറ്റിലേക്ക് ശ്യാമളയെ വിളിച്ചുവരുത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് നടപടി.

Read Also: പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ.ശ്യാമളക്കെതിരെ സിപിഎം

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തര യോഗം കണ്ണൂരില്‍ ചേരുന്നതിനിടെയാണ് ശ്യാമളയുടെ രാജി. ശ്യാമളയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യു അടക്കം ന്യായീകരിക്കാനാവാത്ത കാര്യമാണ് സംഭവിച്ചതെന്ന് ആത്മഹത്യയെ കുറിച്ച് പ്രതികരിച്ചിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിനന്ദന്റെ ഭാര്യയാണ് പി.കെ.ശ്യാമള.

പാർട്ടിയിൽ നിന്ന് ശ്യാമളയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി ആവശ്യപ്പെട്ടതിനെ തുടർന്നാണോ രാജി എന്ന കാര്യത്തിൽ വ്യക്തതയില്ല. താൻ മനസിൽ വിചാരിക്കാത്ത തരത്തിലുള്ള ആരോപണങ്ങളാണ് തനിക്കെതിരെ ഉയർത്തുന്നത് എന്ന് ശ്യാമള രാജിക്കത്തിൽ ആരോപിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ആരോപണങ്ങളിലൂടെ ആന്തൂരിലെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതുമാണ് രാജിക്ക് കാരണമെന്ന് പി.കെ.ശ്യാമള രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ് ശ്യാമള രാജി കത്ത് നൽകിയത്.

ശ്യാമള തങ്ങളെ വ്യക്തിപരമായി ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചെന്നും ഓഡിറ്റോറിയത്തിന് അനുമതി നൽകാതിരിക്കാൻ ശ്രമിച്ചു എന്നും ആത്മഹത്യ ചെയ്ത വ്യവസായിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ശ്യമളയെ നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് നീക്കണമെന്ന് വ്യവസായി സാജന്റെ ഭാര്യ ബീനയും ആവശ്യപ്പെട്ടിരുന്നു.

Read Also: ‘ഈ മരണം നടുക്കമുണ്ടാക്കുന്നു’; പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ഹൈക്കോടതി

പ്രവാസി സംരഭകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. മന്ത്രി എ.സി.മൊയ്തീനാണ് ഇക്കാര്യം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. നഗരസഭ സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്കു പുറമേ കലേഷ്, അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. നഗരസഭ അധ്യക്ഷയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സാജന്റെ ഭാര്യ ആവശ്യപ്പെട്ടാല്‍ പൊലീസ് അന്വേഷിക്കാന്‍ തയ്യാറാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഓഡിറ്റോറിയത്തിന് അനുമതി വൈകുന്നതില്‍ നഗരസഭാ അധ്യക്ഷയായ ശ്യാമളയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് സാജന്റെ കുടുംബം ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങളെ ശ്യാമള തള്ളിക്കളഞ്ഞിരുന്നു. നഗരസഭയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സാധാരണ നടപടി ക്രമങ്ങള്‍ മാത്രമാണ് അനുമതി വൈകാന്‍ കാരണമെന്നുമാണ് ശ്യാമള പറഞ്ഞത്. കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടില്ലെന്നും സാധാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്നുമാണ് നഗരസഭാ അധികൃതര്‍ വിശദീകരണം നൽകിയത്.

വ്യവസായി സാജന്റെ മരണം നടുക്കവും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണെന്ന് ഹെെക്കോടതി ഇന്നതെ പറഞ്ഞിരുന്നു. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കോടതി ജൂലൈ 15 നകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ കോടതിക്ക് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

ആന്തൂരിൽ 15 കോടിയോളം രൂപ മുടക്കി നിർമിച്ച കൺവെൻഷൻ സെന്ററിന് നഗരസഭ പ്രവർത്തനാനുമതി വൈകിപ്പിച്ചതിൽ മനംനൊന്ത് ഉടമ പാറയിൽ സാജൻ ജീവനൊടുക്കിയ സംവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ പരാമർശങ്ങളും ഉത്തരവും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ എടുത്ത കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന് കൈമാറുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് കോടതി പറഞ്ഞു. നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ടൗൺ പ്ലാനർ അനുമതി നൽകിയതായി കാണുന്നുണ്ട്. പ്രവാസി മലയാളിയുടെ മരണം സമൂഹത്തിന് നൽകിയത് തെറ്റായ സന്ദേശമാണ്. പദ്ധതികളിൽ പണം മുടക്കുന്നവർക്ക് ഇത്തരം സംഭവങ്ങൾ നിരാശയാണ് നൽകുന്നത്. സംരംഭകർക്കിടയിൽ ആശങ്ക നിലനിൽക്കുകയാണന്നും കോടതി ചൂണ്ടിക്കാട്ടി.

അപേക്ഷകളിൽ തീരുമാനമാകാതെ, ആളുകൾ ഗത്യന്തരമില്ലാതെ അലയുന്നത് കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ഒരാൾ ആത്മഹത്യ ചെയ്യുന്നത് അപൂർവ്വമാണ്. മുനിസിപ്പാലിറ്റിയുടെ കർക്കശ നിലപാടാണ് മരണത്തിന് കാരണമെന്ന് മനസിലാക്കാനാവുമെന്ന് കോടതി വ്യക്തമാക്കി. മരിച്ചയാളെ തിരിച്ചു കൊണ്ടുവരാനാവില്ല. അധികൃതർ ഉചിതവും ഫലപ്രദവുമായ നടപടികൾ എടുക്കുകയാണങ്കിൽ അത് സമൂഹത്തിന് പ്രതീക്ഷ നൽകുമെന്നും കോടതി പ്രത്യാശ പ്രകടിപ്പിച്ചു. സർക്കാർ, ആന്തൂർ മുനിസിപ്പാലിറ്റി, ടൗൺ പ്ലാനർ എന്നിവരെ എതിർകക്ഷികളാക്കിയാണ് കോടതി കേസെടുത്തിട്ടുള്ളത്. നഗരസഭാ സെക്രട്ടറിയും സർക്കാരും കാര്യങ്ങൾ വിശദീകരിക്കണമെന്ന് കോടതി ഉത്തരവിൽ നിർദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.