തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി താരതമ്യം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവാദ പരാമര്‍ശവുമായി മതപ്രഭാഷകന്‍ നൗഷാദ് ബാഖഫി രംഗത്ത്.

പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ കാലത്താണ് ഇത്തരത്തില്‍ പറഞ്ഞതെങ്കില്‍ സ്വന്തം ബാപ്പയുടെ തലയാണെങ്കിലും മലബാറിന്റെ മണ്ണില്‍ കിടന്ന് ഉരുളുമായിരുന്നുവെന്ന് ബാഖഫി പ്രഭാഷണത്തിനിടെ പറഞ്ഞു.

മലപ്പുറത്തെ യുവാക്കള്‍ക്ക് ചങ്കുറപ്പ് നഷ്ടപ്പെട്ടെന്ന ബോധം ഉള്ളത് കൊണ്ടാണ് നേതാവ് ഇത്തരത്തില്‍ പറഞ്ഞത്. ഇപ്പോഴത്തെ യുവാക്കള്‍ക്ക് തങ്ങളുമാരോടുള്ള മതിപ്പ് കുറഞ്ഞതിന്റെ തെളിവാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നതെന്നും നൗഷാദ് ബാഖഫി പറഞ്ഞു. പാണക്കാട് തങ്ങളുമായി ഒരു വിധത്തിലും താരതമ്യം ചെയ്യാന്‍ കഴിയാത്ത വ്യക്തിയുമായി അദ്ദേഹത്തെ താരതമ്യം ചെയ്യാന്‍ മാത്രം ചങ്കുറപ്പ് കിട്ടിയത് യുവാക്കളുടെ വീഴ്ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്ര പൂജാരിയായിരുന്ന യോഗി ആദിത്യനാഥിനെ ബിജെപി യുപിയില്‍ വര്‍ഗീയത വളര്‍ത്താന്‍ ഉപയോഗിക്കുന്നതിന് സമാനമാണ് മുസ്‌ളീംലീഗ് രാഷ്ട്രീയവും വര്‍ഗീയതയും വളര്‍ത്താന്‍ പാണക്കാട് തങ്ങളെ ഉപയോഗിക്കുന്നതെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം.

മുസ്‌ളീംലീഗ് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാന്‍ പാണക്കാട് തങ്ങളെ ഉപയോഗിക്കുകയാണ്. നിരവധി പള്ളികളില്‍ ഖാദിയായ പാണക്കാട് തങ്ങളെ നേതാവാക്കി മുസ്‌ളീംലീഗ് രാഷ്ട്രീയത്തിലൂടെ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. കഴിഞ്ഞ തവണ ഇടതുപക്ഷത്തെ പിന്തുണച്ച മലപ്പുറത്തെ എല്ലാ ന്യൂനപക്ഷ സംഘടനകളും ഇത്തവണയും സിപിഎമ്മിനൊപ്പം ഉണ്ടെന്നും കോടിയേരി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.