കഴിഞ്ഞ പ്രളയത്തിൽ കേരളത്തിന്റെ കൂട്ടായ്മ നമ്മൾ കണ്ടതാണ്. ദുരിതം അനുഭവിക്കുന്നവർക്കായി കൈകോർത്ത കേരളം. ഇത്തവണയും അതിന് മാറ്റമൊന്നും വന്നട്ടില്ല. അത്തരത്തിൽ താൻ കച്ചവടത്തിനായി എത്തിച്ച വസ്ത്രങ്ങൾ മുഴുവൻ ദുരിതം അനുഭവിക്കുന്നവർക്കായി എടുത്ത് നൽകി ഹൃദയം തൊട്ടിരിക്കുകയാണ് മാലിപ്പുറം സ്വദേശി നൗഷാദ്.

Read More: നൗഷാദിന് കൈയ്യടിച്ച് ശൈലജ ടീച്ചറും

വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാംകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍ നൗഷാദ് പറഞ്ഞത് ഒന്നെന്റെ കട വരെ വരാന്‍ കഴിയുമോ എന്നായിരുന്നു.

കടയിലെത്തിയ സംഘത്തെ ഞെട്ടിച്ച് പുതിയ വസ്ത്രങ്ങളെല്ലാം വാരി പല ചാക്കുകളില്‍ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. ‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ….’ എന്ന് പറഞ്ഞ് നൗഷാദ് വീണ്ടും ചാക്കുകൾ നിറച്ചു. ഇത് രാജേഷ് ശർമ്മ വീഡിയോയിൽ പകർത്തി. സംവിധായകന്‍ ആഷിഖ് അബു അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കേണ്ടതില്ലെന്ന തരത്തിൽ ഒരു വിഭാഗം പ്രചരണം നടത്തുമ്പോഴാണ് നൗഷാദിനെ പോലെയുള്ളവർ കനിവിന്റെ മുഖമായി മാറുന്നത്. കരുണ്യത്തിന്റെ അംശം ഇനിയും നാട്ടിൽ അവശേഷിക്കുന്നുണ്ടെന്ന് തെളിയിക്കുകയാണ് നൗഷാദ്.

Read More: പ്രളയ നടുവില്‍ കേരളം: ആകാശക്കാഴ്ച

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.