കൊച്ചി: ഹലാൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ നോട്ടീസ് ഇറക്കിയെന്ന കേസിൽ ഹിന്ദു ഐക്യവേദി പ്രവർത്തകർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മത സൗഹാർദം തകർക്കും വിധം പ്രവർത്തിച്ചു എന്ന കുറ്റം ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്.
Read More: ഇന്ന് 2098 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 2,815 പേർക്ക് രോഗമുക്തി
അറസ്റ്റിന് സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി പ്രവർത്തകരായ ധനേഷ് പ്രഭാകരൻ,അരുൺ അരവിന്ദ്, സുജയ് സുബ്രഹ്മണ്യൻ, ടി.എ. ലെനിൻ എന്നിവർ സമർപ്പിച്ച ജാമ്യ ഹർജിയാണ് ജസ്റ്റിസ് അശോക് മേനോൻ പരിഗണിച്ചത്. പ്രതികൾ അന്വേഷണ ഉദ്യോസ്ഥൻ മുമ്പാകെ ഹാജരാവണം. അറസ്റ്റ് ചെയ്യുകയാണങ്കിൽ അമ്പതിനായിരം രൂപയും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലും വിട്ടയക്കാനും നിർദേശിച്ചു.
എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ കുറുമശ്ശേരിയിൽ പ്രവർത്തിക്കുന്ന ‘മോഡി ബേക്കറി’യിൽ ഹലാൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെയാണ് ഹിന്ദു ഐക്യവേദി പ്രവർത്തകർ നോട്ടീസ് ഇറക്കിയത്. ബേക്കറിയിൽ പതിച്ച ഹലാൽ ബോർഡ് നീക്കം ചെയ്തില്ലങ്കിൽ പ്രക്ഷോഭവും ബഹിഷ്ക്കരണവും സംഘടിപ്പിക്കുമെന്നായിരുന്നു നോട്ടീസിലെ മുന്നറിയിപ്പ്.