തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നോട്ട് പ്രതിസന്ധി. ട്രഷറികളിൽ പണമില്ലാതായതോടെ ശമ്പളവിതരണവും പെൻഷൻ വിതരണവും മുടങ്ങി. മതിയായ നോട്ടുകൾ റിസർവ് ബാങ്ക് നൽകാത്തതിനാലാണ് ഈ പ്രതിസന്ധി ഉണ്ടായതെന്ന് ട്രഷറി അധികൃതർ അറിയിച്ചു. ആവശ്യമുള്ള പണം നൽകണമെന്ന് റിസർവ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളത്തെ അവഗണിക്കുകയായിരുന്നു എന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. എസ്ബിഐ അധികൃതരെ ആശങ്ക അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യത്തിന് കറൻസി നൽകുന്ന റിസർവ് ബാങ്ക്, കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി മാറി. നോട്ട് ക്ഷാമം മൂലം പെൻഷൻ മുടങ്ങിയേക്കുമെന്നും ധനമന്ത്രമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എസ്ബിഐ എടിഎമ്മുകളിലും ഇന്ന് പണം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച മുതൽ എസ്ബിഐ എടിഎമ്മുകളിൽ പണം ഇല്ലായിരുന്നു എന്നാണ് ആരോപണം. ഇന്ന് വൈകുന്നേരത്തിനകം എടിഎമ്മുകളിൽ പണം എത്തിക്കുമെന്ന് എസ്ബിഐ അധികൃതർ വ്യക്തമാക്കി.

5.85 കോടി ചോദിച്ചപ്പോള്‍ കോട്ടയം ജില്ലയിലെ ട്രഷറികള്‍ക്ക് കിട്ടിയത് 1.83 കോടി രൂപ മാത്രമാണ്. പത്ത് ലക്ഷം രൂപ ചോദിച്ച എരുമേലി സബ് ട്രഷറിക്ക് ഒരു രൂപ പോലും കിട്ടിയില്ല. 30 ലക്ഷം ചോദിച്ച പാമ്പാടി ട്രഷറിക്ക് കിട്ടിയത് മൂന്നു ലക്ഷം രൂപ മാത്രം. മുപ്പത് ലക്ഷം ആവശ്യപ്പെട്ട പള്ളിക്കാത്തോട് ട്രഷറിക്കും 50 ലക്ഷം ചോദിച്ച മുണ്ടക്കയം ട്രഷറിക്കും കിട്ടിയത് അഞ്ച് ലക്ഷം രൂപ വീതമാണ്. ഒരു ട്രഷറികള്‍ക്കും ചോദിച്ചത്ര കറന്‍സി കിട്ടാത്തത് കൊണ്ടാണ് നോട്ടുപ്രതിസന്ധി ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ