തിരുവനന്തപുരം:പാറശാലയിലെ ഷാരോണ്‍ കൊലക്കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനല്‍കിയതായി ഷാരോണിന്റെ കുടുംബം. കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കുമെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തരാണെന്നും കുടുംബം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഷാരോണിന്റെ പിതാവ് ജയരാജനാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്.
കേസ് അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറണമെന്ന് റൂറല്‍ എസ്.പിക്ക് നിയമോപദേശം ലഭിച്ചിരുന്നു. തൊണ്ടിമുതല്‍ കണ്ടെത്തിയതും തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ്. ഇതിനാല്‍ കേസ് തമിഴ്‌നാട് പൊലീസിന് കൈമാറണമെന്നായിരുന്നു നിയമോപദേശം. എന്നാല്‍ ഇതിനെതിരെ പരാതി നല്‍കാന്‍ ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുകയായിരുന്നു. മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നു. കേസ് തമിഴ്നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറിക്ക് പരാതി നല്‍കി. കേസ് മാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും ഷാരോണിന്റെ പിതാവ് ജയരാജന്‍ പറഞ്ഞു.
നിയമപ്രകാരം ഒരു കുറ്റകൃത്യം നടന്ന സ്ഥലത്തോ കുറ്റകൃത്യത്തിന്റെ അനന്തരഫലമുണ്ടായ സ്ഥലത്തോ അന്വേഷണം നടത്താമെന്ന് വ്യവസ്ഥയുണ്ട്. ഷാരോണിന് വിഷം നല്‍കിയത് തമിഴ്നാട്ടിലെ ഗ്രീഷ്മയുടെ വീട്ടില്‍വെച്ചാണെങ്കിലും മരണം സംഭവിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു.