കൊച്ചി: ശബരിമലയിൽ ദർശനത്തിനെത്തുമ്പോൾ വിഐപി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ”കേരളത്തിൽ കാലെടുത്തുവച്ചാൽ വെട്ടിനുറുക്കുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണികൾ ലഭിക്കുന്നുണ്ട്. അതിനാലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ശബരിമലയിലെത്തിയാൽ എനിക്കുനേരെ ആക്രമണം ഉണ്ടാകുമെന്ന് നൂറു ശതമാനം ഉറപ്പുണ്ട്. ചിലപ്പോൾ എനിക്കെന്റെ ജീവൻ നഷ്ടപ്പെട്ടേക്കാം. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും ആയിരിക്കും അതിന്റെ ഉത്തരവാദിത്തം,” പുണെയിലുളള തൃപ്തി ഫോൺ മുഖേന ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.

”മലയാളം ഭാഷയോ കേരളത്തിലെ സ്ഥലങ്ങളോ എനിക്കറിയില്ല. അതിനാൽ പൊലീസ് എനിക്ക് സുരക്ഷ ഒരുക്കേണ്ടത് ആവശ്യമാണ്,” തൃപ്തി പറഞ്ഞു. വെളളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും മറ്റു ആറു സ്ത്രീകൾക്കും സുരക്ഷ ഒരുക്കുമെന്നാണ് കരുതുന്നതെന്നും സ്ത്രീ പ്രവേശനം വിലക്കിയിരുന്ന പ്രശസ്ത ശനി ശിംഘനാപൂർ ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുന്നതിന് പ്രക്ഷോഭം നടത്തിയ തൃപ്തി ദേശായി പറഞ്ഞു.
മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി വെളളിയാഴ്ചയാണ് ശബരിമല നട തുറക്കുന്നത്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതോടയാണ് ശബരിമല കയറാനെത്തുമെന്ന് തൃപ്തി ദേശായി അറിയിച്ചത്.

ജീവനിൽ പേടിയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു തൃപ്തിയുടെ മറുപടി. ”ഇത് സമത്വത്തിനു വേണ്ടിയുളള പോരാട്ടമാണ്. ഞാനൊരു ആക്ടിവിസ്റ്റാണ്. അതോടൊപ്പം ഞാനൊരു ഭക്തയാണ്. ശനി ശിംഘനാപൂർ പ്രക്ഷോഭം നയിച്ചത് ഞാനൊരു ഭക്തയായതുകൊണ്ടാണ്. ഭക്തരെ ദൈവം വേർതിരിക്കുന്നില്ലെങ്കിൽ, പിന്നെ അങ്ങനെ ചെയ്യാൻ നമ്മൾ ആരാണ്?.”

അതേസമയം, തൃപ്തി ദേശായി ശബരിമല സന്ദർശനത്തിന് എത്തുന്നത് പ്രക്ഷോഭങ്ങൾക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്. സുപ്രീം കോടതി വിധിക്കുശേഷം രണ്ടു തവണ ശബരിമല നട തുറന്നപ്പോഴും വലിയ പ്രക്ഷോഭങ്ങളാണ് ഉണ്ടായത്. വനിത മാധ്യമ പ്രവർത്തകരടക്കം ആക്രമിക്കപ്പെട്ടു. 10 നും 50 നും ഇടയിൽ പ്രായമുളളവർ മല കയറാനെത്തിയെങ്കിലും പ്രക്ഷോഭം മൂലം ആർക്കും അതിന് സാധിച്ചില്ല. പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടു കൂടിയാണ് ശബരിമലയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്.

ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാനുളള നീക്കത്തിലാണ് സർക്കാർ. മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട തുറക്കുന്നതിന് മുൻപായി സർക്കാർ സർവകക്ഷിയോഗവും വിളിച്ചിട്ടുണ്ട്. അതേസമയം, സുരക്ഷ ആവശ്യപ്പെട്ടുളള തൃപ്തി ദേശായിയുടെ കത്തിന് സർക്കാർ മറുപടി നൽകിയിട്ടില്ല.

കേരളത്തിലെത്തുന്നതിന് വേണ്ടിവരുന്ന മുഴുവൻ ചെലവുകളും താൻ വഹിക്കുമെന്നാണ് അധികാരികൾക്ക് എഴുതിയ കത്തിൽ താൻ വ്യക്തമാക്കിയിരുന്നതെന്നും തൃപ്തി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.

”വെളളിയാഴ്ച വരുന്നതിനായി വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്ത് കഴിഞ്ഞു. വിമാനത്താവളത്തിൽനിന്നും കാർ സൗകര്യം ഒരുക്കണമെന്നും കോട്ടയത്തും പത്തനംതിട്ടയിലുമുളള ഗസ്റ്റ് ഹൗസിൽ താമസ സൗകര്യം ഒരുക്കണമെന്നും മാത്രമാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. ഗസ്റ്റ് ഹൗസിൽ റൂം ബുക്ക് ചെയ്യണമെന്ന് മാത്രമാണ് പറഞ്ഞത്. റൂം വാടക അടക്കം മുഴുവൻ ചെലവും ഞങ്ങൾ വഹിക്കും,” തൃപ്തി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.