കൊച്ചി: ഇന്ത്യയുടെ മുന്‍ പേസറും മലയാളിയുമായ എസ് ശ്രീശാന്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് രാവിലെ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും ഇപ്പോഴും ബിജെപിയില്‍ തന്നെയാണെന്നുമാണ് ശ്രീശാന്ത് അറിയിച്ചിരിക്കുന്നത്.

”ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല. എന്റെ വിഷമഘട്ടത്തില്‍ ഒപ്പം നിന്ന തരൂര്‍ സാറിന് നന്ദി പറയാന്‍ പോയതായിരുന്നു. ഞാന്‍ ബിജെപി പ്രവര്‍ത്തകനാണ്. അതില്‍ അഭിമാനിക്കുന്നു. ഇപ്പോള്‍ എന്റെ ശ്രദ്ധ ക്രിക്കറ്റിലാണ്” ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

”സ്‌പോര്‍ട്‌സിനെ എന്നും പിന്തുണക്കും. കേരളത്തിലെ സ്‌പോര്‍ട്‌സിനെ മെച്ചപ്പെടുത്താന്‍ എന്റെ പരമാവധി ശ്രമിക്കും. പുതിയ താരങ്ങളെ കണ്ടെത്താനും ശ്രമിക്കും. ബിജെപി, ബിസിസിഐ, കേരള ടൂറിസം, കേരള ക്രിക്കറ്റ്, ബോളിവുഡ് തുടങ്ങി ഞാന്‍ ബന്ധപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കുമൊപ്പമുണ്ടാകും” അദ്ദേഹം പറഞ്ഞു.

ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ശശി തരൂര്‍ എം.പിയെ സന്ദര്‍ശിച്ചതു. വെളളിയാഴ്ച്ച രാത്രി ഒമ്പതരയോടെ തരൂരിന്റെ വസതിയിലെത്തിയാണ് താരം നന്ദി അറിയിച്ചത്. കോടതി വിധി വന്നതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഒരു രാഷ്ട്രീയ നേതാവിനെ കാണാനെത്തുന്നത്. ഒരു പെട്ടി മധുരപലഹാരങ്ങളുമായാണ് അദ്ദേഹം ശശി തരൂരിനെ കാണാനെത്തിയത്. ഷാള്‍ അണിയിച്ചാണ് തരൂര്‍ ശ്രീശാന്തിനെ സ്വീകരിച്ചത്.

Read More: ശശി തരൂരിനോട് നന്ദി പറയാന്‍ ശ്രീശാന്ത് എത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് തരൂര്‍

ഇതിന് പിന്നാലെ തരൂര്‍ ശ്രീശാന്തിന്റെ ഭാര്യയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ടപ്പോള്‍ തരൂര്‍ എംപി ഇടപെട്ടിരുന്നു. വിലക്ക് നീക്കിയതിന് ശേഷം താന്‍ ആദ്യമായി കാണുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞു. തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും വിലക്ക് നീക്കാന്‍ ബി.സി.സി.ഐ യോട് ആവശ്യപ്പെട്ടതും തരൂരാണെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ശ്രീശാന്ത് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയതായി അഭ്യൂഹം പരന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ