കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ തന്നോട് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. ദിലീപിന് പൾസർ സുനിയെ പരിചയപ്പെടുത്തി കൊടുത്തത് താനല്ലെന്നും മുകേഷ് പറഞ്ഞു.

ഇന്ന് രാവിലെ വളളിക്കീഴ് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് മുകേഷ് ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. കനത്ത സുരക്ഷയാണ് മുകേഷിന് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ചോദ്യം ചെയ്യൽ സംബന്ധിച്ച വാർത്തകൾ നിഷേധിച്ചാണ് മുകേഷ് സംസാരിച്ചത്.

“ചോദ്യം ചെയ്യലിനുള്ള നോട്ടീസ് തനിക്കിതുവരെ ലഭിച്ചിട്ടില്ല. ഇങ്ങിനെയൊരു സാധ്യത താൻ കാണുന്നില്ല. താനല്ല, ദിലീപിന് പൾസർ സുനിയെ പരിചയപ്പെടുത്തി കൊടുത്തത്. ഇത് സംബന്ധിച്ച് ഇന്നലെ പറഞ്ഞതിൽ കൂടുതലായി യാതൊന്നും പറയാനില്ല”, അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ