തിരുവനന്തപുരം: കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാഫലങ്ങള്‍ 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം തെറ്റെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇത്തരം പ്രസ്താവനകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ മനോവീര്യം തകര്‍ക്കാനേ ഉപകരിക്കൂവെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വിവിധ വൈറോളജി ലാബുകളില്‍ നിന്നും വരുന്ന കോവിഡ് പരിശോധന ഫലങ്ങള്‍ നെഗറ്റീവായാല്‍ സാംപിളുകള്‍ അയച്ച ആശുപത്രികള്‍ക്കും പോസിറ്റീവായാല്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമാണ് അയയ്ക്കുക. പോസിറ്റീവായ കേസുകള്‍ സൂക്ഷ്മ പരിശോധന നടത്തി അതത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ക്ക് അയച്ച് കൊടുക്കും. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ക്കനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ശേഷം വരുന്ന പോസിറ്റീവ് ഫലങ്ങളിലും ഒട്ടും വൈകിക്കാതെ ഇതേ നടപടികളാണ് സ്വീകരിക്കുന്നത്. അതേസമയം ഈ കണക്കുകള്‍ കൂടി പിറ്റേദിവസത്തെ പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയുകയാണ് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെയോ ആശുപത്രികളിലോ നിരീക്ഷണത്തിലുളളവരുടെ സാംപിളുകളാണ് പരിശോധനയ്ക്കായി അയക്കുന്നത്. അതിനാല്‍ തന്നെ ഇവരെ ഉടന്‍ തന്നെ രോഗ പകര്‍ച്ച ഉണ്ടാകാതെ ഐസൊലേഷന്‍ ചികിത്സയിലാക്കാന്‍ സാധിക്കുന്നു. ഇതോടൊപ്പം സമാന്തരമായി കോണ്ടാക്ട് ട്രെയ്സിങ്ങും നടക്കുന്നുണ്ട്.

അതേസമയം, ഈ കണക്കുകള്‍ കൂടി പിറ്റേദിവസത്തെ പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയുകയാണ് ചെയ്യുക. അതായത് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി അതത് ജില്ലകളില്‍ അപ്പപ്പോള്‍ വിവരമറിയിക്കുന്നെങ്കിലും ആകെ എണ്ണത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയുന്നത് തൊട്ടടുത്ത ദിവസമാണ്. കണക്കില്‍ കൃത്യത ഉണ്ടാകാന്‍ ഇതാണ് ശരിയായ രീതി. ഇതാണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. വളരെ സുതാര്യമായാണ് ഈ പ്രക്രിയ നടക്കുന്നതെന്നും കെ.കെ.ശൈലജ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook