കൊച്ചി: പൗരന്മാരുടെ ഭൂമിയിൽ പെട്ടെന്നൊരു ദിവസം കയറി കല്ലിടുന്നത് സമാന്യമര്യാദക്കും ജനവിധിക്കും എതിരാണന്ന് ഹൈക്കോടതി. സാമൂഹികാഘാത പഠനം നടത്തുമ്പോൾ അതിലും വലിയ ആഘാതമാണ് ഉണ്ടാവുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സാധാരണ സര്‍വെ നടത്തുമ്പോൾ 60 സെന്റി മീറ്റര്‍ വലുപ്പമുള്ള കല്ലാണ് ഇടേണ്ടത്. വലിയ കല്ലുകളാണ് ഇടുന്നത്, ഇത് ആളുകളിൽ ഭയമുണ്ടാക്കുന്നുണ്ടന്നും കോടതി അഭിപ്രായപ്പെട്ടു. സിൽവർ ലൈൻ പദ്ധതിക്കായുള്ള സ്ഥലമെടുപ്പും സർവേയും ചോദ്യം ചെയ്തുള്ള ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത് .
ഭൂമിയുടെ ഉടമസ്ഥനാണ് വീടിന്റെ രാജാവ്. സാധാരണയായി അതിർത്തികളിലാണ് കല്ലിടുന്നത്. ഇവിടെ വീടിന്റെ ഉള്ളിലും മറ്റുമാണ് കല്ലിടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്തിമ അലൈന്‍മെന്റ് മാറിയാൽ ഇട്ട കല്ലുകൾ മാറ്റുമോ എന്നും സർവെ നടത്തി കല്ലിട്ട സ്ഥലങ്ങൾ ബാങ്കിൽ ഈട് വെയ്ക്കാനാവുമോ എന്നും കോടതി ചോദിച്ചു. സർവെ മാത്രമാണ് നടക്കുന്നതെന്നും ഭൂമി കൈവശത്തിലെടുക്കുന്നില്ലന്നും സർക്കാർ മറുപടിയായി അറിയിച്ചു.
വായ്പക്ക് തടസമുണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞിട്ടുണ്ടന്നും ബന്ധപ്പെട്ടവർക്ക് ഇക്കാര്യത്തിൽ നിർദേശം നൽകുമെന്ന് സർക്കാർ ഉറപ്പു നൽകിയത് കോടതി രേഖപ്പെടുത്തി. സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് അനുമതി തേടി ഒരു അപേക്ഷയും സംസ്ഥാന സർക്കാർ നൽകിയിട്ടില്ലന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. വിശദമായ പദ്ധതി രേഖ അംഗീകരിച്ചിട്ടില്ല. ഡിപിആർ അംഗീകരിച്ചാലെ പദ്ധതിയുടെ അന്തിമ അനുമതിയും സാമ്പത്തിക അനുമതിയും പരിഗണിക്കേണ്ടതുള്ളു.
ആയിരം കോടി രൂപയിൽ കൂടുതലുള്ള പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് അനുമതി നൽകേണ്ടത്. റെയിൽവെ ഭൂമിയിൽ സർവെ നടത്താമെങ്കിലും കല്ലിടാൻ അനുതിയില്ലന്നും കേന്ദ്രം വ്യക്തമാക്കി. റെയിൽവെ ഭൂമിയിൽ സർവെ തുടങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാനവും കേന്ദ്രവും തമ്മിൽ ആശയ വിനിമയം ഒന്നും നടന്നിട്ടില്ല. മറ്റ് ഭൂമിയിലെ സർവെ കാര്യത്തിൽ ഒന്നും പറയാനില്ലന്നും കേന്ദ്രം വ്യക്തമാക്കി. ഹർജികൾ വിധി പറയാനായി കോടതി മാറ്റി.
Also Read: Kerala Covid Cases 08 April 2022: സംസ്ഥാനത്ത് 353 പേര്‍ക്ക് കോവിഡ്; കൂടുതല്‍ കേസുകള്‍ എറണാകുളത്ത്