തിരുവനന്തപുരം: ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കണക്ക് നൽകാത്തതും കൂടുതൽ തുക ചെലവഴിച്ചതുമായ 8,750 പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. 2015 നവംബറിൽ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽപ്പെട്ടവരാണ് അയോഗ്യരാക്കപ്പെട്ടത്.
ഇവർക്ക് ഇന്ന് മുതൽ അഞ്ച് വർഷത്തേയ്ക്കാണ് അയോഗ്യതയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വി.ഭാസ്കരൻ അറിയിച്ചു. കമ്മീഷൻ ഉത്തരവിലൂടെ ഇന്ന് മുതൽ അയോഗ്യരാക്കപ്പെട്ടവർക്ക് 2022 വരെയുളള തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവില്ല. അയോഗ്യരാക്കപ്പെടുന്നതിലൂടെ നിലവിലെ അംഗങ്ങളുടെ ഒഴിവ് ഉണ്ടാകുന്നുണ്ടെങ്കിൽ ആ വിവരം കമ്മീഷനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കേരളത്തിൽ ആകെയുളള 1,572 തദ്ദേശ സ്ഥാപനങ്ങളിൽ 372 സ്ഥാപനങ്ങളിൽ നിന്നുളളവർ പൂർണ്ണമായ കണക്ക് നൽകിയിരുന്നു. 1,200 സ്ഥാപനങ്ങളിൽ നിന്നുളള 8,750 പേരെയാണ് അയോഗ്യരാക്കിയത്. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ മത്സരിച്ച 1,572 പേരെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ മത്സരിച്ച 7,178 പേരെയുമാണ് അയോഗ്യരാക്കിയത്.
എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെ അയോഗ്യരാക്കിയത്. 1,031 പേരാണ് എറണാകുളം ജില്ലയിൽ അയോഗ്യരാക്കപ്പെട്ടത്. ഏറ്റവും കുറവ് അയോഗ്യരാക്കപ്പെട്ടവർ വയനാട് ജില്ലയിലാണ്. ഇവിടെ 161 പേരാണ് ചെലവ് കണക്കിന്രെ പേരിൽ അയോഗ്യരാക്കപ്പെട്ടവർ. ഏറ്റവും കൂടുതൽ തദ്ദേശ സ്ഥാപനങ്ങളുളള മലപ്പുറം ജില്ലയിൽ ആകെയുളള 122 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും അയോഗ്യരാക്കപ്പെട്ടവർ 972 പേരാണ്.
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലായി 384 പേരെയും ആകെയുളള 941 ഗ്രാമപഞ്ചായത്തുകളുളളതിൽ 882 പഞ്ചായത്തുകളിലെ 6,559 പേരെയും 145 ബ്ലോക്ക് പഞ്ചായത്തിലെ 557 പേരെയും 14 ജില്ലാ പഞ്ചായത്തുകളിലെ 62 പേരും 84 മുനിസിപ്പാലിറ്റികളിൽ നിന്നുളള 1188 പേരുമാണ് ചെലവ് കണക്ക് നൽകാത്തിന്രെ പേരിലോ അധിക തുക ചെലവാക്കിയതിന്രെ പേരിലോ അയോഗ്യരാക്കപ്പെട്ടവർ.
കോർപ്പേറഷനിൽ ഏറ്റവും കൂടുതൽ പേർ അയോഗ്യരാക്കപ്പെട്ടത് തിരുവനന്തപുരം കോർപ്പറേഷനിൽ മത്സരിച്ചവരാണ്. 127 പേരാണ് ഇവിടെ മത്സരിച്ചതിൽ അയോഗ്യരായത്. മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽപേർ അയോഗ്യരായത് മലപ്പുറം ജില്ലയിലാണ്. 195 പേരാണ് ഇവിടെ മത്സരിച്ചിവരിൽ അയോഗ്യരാക്കപ്പെട്ടത്. ജില്ലാപഞ്ചായത്തിൽ തിരുവനന്തപുരം (എട്ട് പേർ, ബ്ലോക്ക് പഞ്ചായത്തിൽ മലപ്പുറം (75 പേരും) ഗ്രാമപഞ്ചായത്തിൽ എറണാകുളം (713 പേരും) കൂടുതൽ പേർ അയോഗ്യരാക്കപ്പെട്ടത്.

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പുകളിൽ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥികൾക്ക് പതിനായിരം രൂപയും ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥിക്ക് മുപ്പതിനായിരം രൂപയും ജില്ലാ പഞ്ചായത്തിലെ മത്സരാർത്ഥിക്ക് അറുപതിനായിരം രൂപയുമാണ് ചെലവഴിക്കാവുന്ന പരമാവധി തുക. ഇത് മുനിസിപ്പാലിറ്റികളിൽ മുപ്പതിനായിരം രൂപയും കോർപ്പറേഷനിലെ സ്ഥാനാർത്ഥികൾക്ക് അറുപതിനായിരം രൂപയുമാണ്.
അധികതുക ചെലവാക്കിയവരെയും ചെലവാക്കിയ തുക സംബന്ധിച്ച് കണക്ക് നൽകാത്തവരെയും കേരള പഞ്ചായത്തീ രാജ് നിയമത്തിലെ 33 ആം വകുപ്പ്, കേരളാ മുനിസിപ്പാലിറ്റി നിയമത്തിലെ 89 ആം വകുപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അയോഗ്യരാക്കിയിരിക്കുന്നതെന്ന് കമ്മിഷൻ അറിയിച്ചു.