കൊച്ചി: പനി ലക്ഷണവുമായി എത്തുന്ന എല്ലാവരെയും കോറോണ രോഗികളായി കാണേണ്ടതില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം. രോഗികളുടെ 14 ദിവസത്തെ യാത്രകളും മറ്റും പരിശോധിച്ചാണു വൈറസ് ബാധയാണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നു സ്വകാര്യ ആശുപത്രികള്‍ക്കു വീഡിയോ കോണ്‍ഫറന്‍സിലൂടെ നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

രോഗികളെ എ, ബി, സി കാറ്റഗറികളായി തിരിക്കണം. എ കാറ്റഗറിയില്‍പ്പെട്ടവരെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണം. ശ്വാസതടസം പോലുള്ള അസുഖമുള്ളവര്‍ക്കു മാസ്‌കോ തൂവാലയോ നിര്‍ബന്ധമായും നല്‍കണം. കൈകള്‍ ശുചിയാക്കാനുള്ള സൗകര്യം എല്ലാവര്‍ക്കും നല്‍കണമെന്നും ഡോ.രാഗേഷ് നിര്‍ദേശിച്ചു.

രോഗലക്ഷണങ്ങളുള്ളയാള്‍ക്കു കോവിഡ് ടെസ്റ്റ് പരിശോധിക്കേണ്ടതുണ്ടെങ്കില്‍ സ്രവം കണ്‍ട്രോള്‍ റൂം മുഖേന മാത്രമേ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കാന്‍ കഴിയൂ. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ചികിത്സയിലുള്ള ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ ആശുപത്രിയില്‍ തന്നെ ഐസൊലേഷന്‍ സൗകര്യം ഒരുക്കണം. ഇതിനു സൗകര്യങ്ങളില്ലാത്ത സ്വകാര്യ ആശുപത്രികളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പ് തുടര്‍ ചികിത്സ ഏറ്റെടുക്കും.

Read Also: കോവിഡ് 19: സ്‌പെഷൽ ട്രെയിനുകൾ റദ്ദാക്കി

വിദേശത്തുനിന്നു വന്നവര്‍ പനി ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം അറിയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രമേ പോകാവൂ. അതിനുള്ള വാഹന സൗകര്യം വകുപ്പ് നല്‍കും.

രോഗിയുടെ തൊണ്ടയിലെ സ്രവം എടുക്കേണ്ട രീതി മൈക്രോബയോളജിസ്റ്റ് ഡോ. നിഖിലേഷ് വിശദീകരിച്ചു. കോറോണ സാധാരണ പോലെ പനിയാണെങ്കിലും പെട്ടെന്നു വ്യാപിക്കുന്നതാണ്. ഒരേ സമയത്ത് കൂടുതല്‍ പേര്‍ പനിയുമായി എത്തിയാല്‍ ചികിത്സ പ്രയാസകരമാകും. അതിനാല്‍ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍ദേശങ്ങള്‍ നല്‍കി.

വിദേശത്തു ജോലി ചെയ്യുന്നവരുള്ള വീട്ടിലെ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ജോലിക്കു വരുന്നതില്‍ തടസമില്ല. പക്ഷേ വ്യക്തി ശുചിത്വം കൃത്യമായി പാലിക്കണം. മറ്റുള്ളവരില്‍നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കണം. ജലദോഷമോ പനിയുടെ ലക്ഷണമോ തോന്നിയാല്‍ വീട്ടില്‍ വിശ്രമത്തില്‍ കഴിയണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.