പാലക്കാട്: സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ ഇപ്പോൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൂർണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സാമ്പത്തിക മേഖല ഇപ്പോൾ നിശ്ചലമാക്കാൻ കഴിയില്ല. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ കണ്ടെത്തി വയ്ക്കാൻ ഡിഎംഒമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ക്വാറന്റൈൻ മാനദണ്ഡം കേന്ദ്ര നിർദേശമനുസരിച്ചാണ് മാറ്റിയതെന്നും ഒമിക്രോൺ വകഭേദത്തിന്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന് ഏര്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്ര നിർദേശം.
സംസ്ഥാനത്ത് ഇതുവരെ 305 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളില്‍നിന്നു 209 പേരും ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് 64 പേരും എത്തി. 32 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്.
Read More: മൂന്നാം ഡോസിന് പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ട; കുത്തിവയ്പ് തുടങ്ങുന്നത് തിങ്കളാഴ്ച മുതൽ