scorecardresearch
Latest News

ക്യാപ്റ്റനല്ല, മുന്നിൽ നിന്നും നയിക്കുന്ന പടയാളികളൊരാൾ: വി.ഡി.സതീശൻ

മുന്നിൽ നിന്നും നയിക്കുന്ന പടയാളികളൊരാളാണ് ഞാൻ. പിന്നിലേക്ക് പോകില്ല. പിറകിൽ നിന്ന് വെടിയേറ്റ് മരിക്കുകയുമില്ല

Lokayuktha Ordinance, VD Satheeshan
ഫയൽ ചിത്രം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു പിന്നാലെ അണികളുടെ ക്യാപ്റ്റനെന്ന വിളികളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. താൻ ക്യാപ്റ്റൻ അല്ല, പട നയിക്കുന്നവരിൽ മുൻ നിരയിലുള്ള ഒരാൾ മാത്രമാണെന്നാണ് സതീശൻ പറഞ്ഞത്. കോൺഗ്രസിൽ ആര്‍ക്കും ഈ വിളിയോട് താല്‍പര്യമില്ല. അതില്‍ പരിഹാസമുണ്ടെന്നും സതീശൻ പറഞ്ഞു.

തൃക്കാക്കര വിജയത്തിന് പിന്നാലെ വി.ഡി.സതീശനൊപ്പമുള്ള ചിത്രം ‘ക്യാപ്റ്റൻ (ഒറിജിനൽ) ‘എന്ന അടിക്കുറിപ്പിൽ ഹൈബി ഈഡൻ പങ്കുവച്ചതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. ”മുന്നിൽ നിന്നും നയിക്കുന്ന പടയാളികളൊരാളാണ് ഞാൻ. പിന്നിലേക്ക് പോകില്ല. പിറകിൽ നിന്ന് വെടിയേറ്റ് മരിക്കുകയുമില്ല. പോർക്കളത്തിൽ നിന്ന് പിന്തിരിഞ്ഞോടുന്ന ഭീരുക്കൾക്കാണ് പിറകിൽ നിന്നും വെടിയേൽക്കുന്നത്,” സതീശൻ പറഞ്ഞു.

കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് തൃക്കാക്കരയിലെ വിജയം. ഏകോപനം ഏകോപനം നടത്തുകയെന്ന കാര്യം മാത്രമാണ് ഞാൻ ചെയ്തത്. തൃക്കാക്കരയിലേത് അഭിമാനകരമായ വിജയമാണ്. പ്രതിപക്ഷത്തിനും കോൺഗ്രസിനും അതു കൂടുതൽ ഊർജം പകരും. ഒരു വർഗീയശക്തിയെയും കേരളത്തിൽ തലപൊക്കാൻ സമ്മതിക്കില്ലെന്ന നിലപാടാണ് ഞങ്ങളുടേത്. തിരഞ്ഞെടുപ്പിൽ വളരെ വ്യക്തമായി ഞങ്ങളത് അവതരിപ്പിച്ചു. അതിനു കിട്ടിയ അംഗീകാരം കൂടിയാണ് ഈ വിജയമെന്ന് സതീശൻ അഭിപ്രായപ്പെട്ടു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര ജയമാണ് നേടിയത്. 25,016 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ ജയം. തൃക്കാക്കര മണ്ഡലത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമയുടേത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമയിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ്.

Read More: തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയില്ല: പി.രാജീവ്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Not captain iam one of the leader only says v d satheesan