/indian-express-malayalam/media/media_files/uploads/2018/12/Shashi-Tharoor-Ravi-Shankar-Prasad.jpg)
ന്യൂഡൽഹി: റിപ്പബ്ലിക് ടിവി ന്യൂസ് അവതാരകൻ അർണബ് ഗോസ്വാമിക്ക് പിന്നാലെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെയും ശശി തരൂർ എംപി ക്രിമിനൽ ചട്ട പ്രകാരമുളള മാനനഷ്ട കേസ് ഫയൽ ചെയ്തു. ഡൽഹി ഹൈക്കോടതിയിലാണ് കേസ് നൽകിയിരിക്കുന്നത്.
അർണബ് ഗോസ്വാമിക്കെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരുന്നത്. ഇതേ കോടതിയിലാണ് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന് എതിരെയും ഹർജി സമർപ്പിച്ചിരിക്കുന്നത്.
വിചാരണ കോടതി കേസ് പരിഗണിച്ചപ്പോഴൊന്നും ഹാജരാകാതിരുന്ന അർണബിനോട് അടുത്ത തവണ നിർബന്ധമായും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അർണബ് ഗോസ്വാമിക്കെതിരെ ഡൽഹി ഹൈക്കോടതിയിലും ശശി തരൂർ എംപി മാനനഷ്ട കേസ് നൽകിയിട്ടുണ്ട്.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെ കൊലപാതക കേസിലെ പ്രതിയെന്ന് രവിശങ്കർ വിശേഷിപ്പിച്ചതാണ് കേസിന് ആധാരം. സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റപത്രത്തിൽ ശശി തരൂരിന്റെ പേരുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു.
സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാണെന്നാണ് ഡൽഹി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ കേസ് ഇപ്പോൾ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേന്ദ്ര മന്ത്രി എന്ന നിലയിൽ പുലർത്തേണ്ട ഉത്തരവാദിത്വവും സത്യസന്ധതയും മറന്നാണ് രവിശങ്കർ പ്രസാദ് പ്രവർത്തിച്ചതെന്നാണ് ഹർജിയിലെ ആരോപണം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 499 പ്രകാരമുളള കുറ്റം കേന്ദ്ര നിയമന്ത്രി ചെയ്തെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.