scorecardresearch

ഭക്ഷ്യസംസ്‌കരണ മേഖലയില്‍ 150 കോടിയുടെ നോര്‍വീജിയന്‍ തുടര്‍നിക്ഷേപം

ഭക്ഷ്യ സംസ്‌കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും കര്‍ഷകര്‍ക്കു കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏര്‍പ്പെടുത്താനും നോർവെ കമ്പനിയായ ഓര്‍ക്കലെ തീരുമാനിച്ചു

ഭക്ഷ്യസംസ്‌കരണ മേഖലയില്‍ 150 കോടിയുടെ നോര്‍വീജിയന്‍ തുടര്‍നിക്ഷേപം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസംസ്‌കരണ മേഖലയില്‍ 150 കോടി രൂപയുടെ തുടര്‍നിക്ഷേപം നടത്തുമെന്ന് പ്രമുഖ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്കലെ ബ്രാന്‍ഡഡ് കണ്‍സ്യൂമര്‍ ഗുഡ്സ് സി ഇ ഒ ആറ്റ്ലെ വിഡര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി.

ഭക്ഷ്യ സംസ്‌കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ഓര്‍ക്കലെ തീരുമാനിച്ചു. കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ ഈസ്റ്റേണിന്റെ 67 ശതമാനം ഓഹരി വാങ്ങിയ ഓര്‍ക്കലെ ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന പ്രമുഖ നോര്‍വീജിയന്‍ കമ്പനിയാണ്.

റിന്യൂവബിള്‍ എനര്‍ജി രംഗത്തും നിക്ഷേപം നടത്താന്‍ ഓര്‍ക്കലെ ആലോചിക്കുന്നുണ്ടെന്ന് ആറ്റ്ലെ പറഞ്ഞു. കേരളം ലോകത്തിലെ പ്രധാന സുഗന്ധ വ്യഞ്ജന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ കേന്ദ്രമാണെന്നന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മത്സ്യ കയറ്റുമതിയില്‍ മൂന്നാം സ്ഥാനത്തുള്ള കേരളത്തിലാണ് ഇന്ത്യയിലെ യൂറോപ്യന്‍ അംഗീകാരമുള്ള സീ ഫുഡ് കമ്പനികളുടെ 75 ശതമാനവുമുള്ളത്. നേന്ത്രക്കായ, മരച്ചീനി, ചക്ക തുടങ്ങിയവയുടെ ഉല്‍പ്പാദനത്തിലും കേരളം മുമ്പിലാണ്. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഭക്ഷ്യ സംസ്‌കരണ മേഖലക്ക് സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നൂറു കോടി രൂപയിലധികം നിക്ഷേപം നടത്തുന്നവര്‍ക്കു പ്രത്യേക നോഡല്‍ ഓഫീസറെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓര്‍ക്കലെയുടെ തുടര്‍ നിക്ഷേപത്തിനു ഹാന്‍ഡ് ഹോള്‍ഡ് സേവനം നല്‍കാന്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ വെങ്കിടരാമന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഈസ്റ്റേണ്‍ ഫുഡിന്റ നവാസ് മീരാന്‍ നിക്ഷേപക സംഗമത്തില്‍ ഓര്‍ക്കലെയെ പ്രതിനിധീകരിച്ച് ഓണ്‍ലൈനില്‍ പങ്കെടുത്തു.

പ്രകൃതിക്ഷോഭം: നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളവുമായി സഹകരിക്കും

പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, വയനാട് തുരങ്കപ്പാത നിര്‍മാണം, തീരശോഷണം തടയല്‍ എന്നീ മേഖലകളില്‍ കേരളവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ച് വിവിധ മേഖലകളിലെ വിദഗ്ദരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോര്‍വെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ധന്‍ ഡൊമനിക് ലെയ്ന്‍ ഉറപ്പുനല്‍കി.

ഇന്ത്യന്‍ റെയില്‍വേക്കു തുരങ്കപ്പാത നിര്‍മാണത്തില്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സാങ്കേതിക സഹകരണം നിലവില്‍ ലഭിക്കുന്നുണ്ട്. ഏഴു കിലോമീറ്റര്‍ ആഴത്തിലെ പാറയുടെ സ്വഭാവത്തെ മനസ്സിലാക്കുന്നതിനുള്ള നോര്‍വീജിന്‍ സാങ്കേതിക വിദ്യയാണ് ലഡാക്കില്‍ ഉപയോഗിക്കുന്നത് .ഇത് മനസിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കാന്‍ ആലോചിക്കുന്ന തുരങ്കപ്പാതയുടെ നിര്‍മ്മാണത്തില്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക ഉപദേശം സഹായകരമായിരിക്കുമെന്നു സൂചിപ്പിച്ചത് .

മണ്ണിടിച്ചിലിനുള്ള സാധ്യത മുന്‍കൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതിക വിദ്യ വിവിധ രാജ്യങ്ങളില്‍ എന്‍ജിഐ വിജയകരമായി നടപ്പിലാക്കുന്നുണ്ട് .ഇന്ത്യയില്‍ നിരവധി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി എന്‍ജിഐ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. തീര ശോഷണത്തിന്റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

ലോക സമാധാന സമ്മേളനം: സ്വാഗതം ചെയ്ത് നോബല്‍ പീസ് സെന്റര്‍

നോബല്‍ സമ്മാനം നല്‍കുന്ന സ്ഥാപനമായ നോര്‍വേയിലെ നോബല്‍ പീസ് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ലോക സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം ഗൗരവമായി പരിഗണിക്കുമെന്ന് നോബല്‍ പീസ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെജെര്‍സ്റ്റി ഫ്‌ലോഗ്സ്റ്റാഡ് ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.

ലോക സമാധാന സമ്മേളനം വിളിക്കുന്ന കാര്യത്തില്‍ നോബല്‍ പീസ് സെന്ററുമായി സഹകരിക്കാന്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രി താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഒരു സര്‍ക്കാര്‍ ഇത്തരമൊരു സമ്മേളനം വിളിച്ചുചേര്‍ക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് ഫ്‌ലോഗ്സ്റ്റാഡ് പറഞ്ഞതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Norways orkla to invest rs 150 crore in food processing sector of kerala

Best of Express