തിരുവനന്തപുരം: ഒരാഴ്ച വൈകിയ തുലാവര്‍ഷം ഇന്നോ നാളെയോ ആയി കേരളത്തിലേക്കെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. രണ്ടു ദിവസത്തിനുള്ളില്‍ കേരളം, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളില്‍ ഇടിയോടുകൂടിയുള്ള മഴ ലഭിക്കുമെന്നാണ് സൂചനകള്‍.

ഇന്ത്യൻ ഉപദ്വീപില്‍ നിന്നും തെക്കുപടിഞ്ഞാറൻ കാലവർഷം പൂർണമായും പിൻവലിഞ്ഞത് ഈ മേഖലയിൽ തുലാവര്‍ഷത്തെ എളുപ്പമാക്കും. തുലാവര്‍ഷത്തിന്‍റെ വരവിന്‍റെ ഭാഗമായി അടുത്ത 48 മണിക്കൂറിൽ കുറഞ്ഞ താപനിലയും കൂടിയ താപനിലയും കുറവുവരുമെന്നാണ് കരുതുന്നത്.

തുലാവര്‍ഷം കരയോടടുക്കുന്നതിനാല്‍ വരുന്ന നാല്‍പ്പത്തിയെട്ട് മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. കേരളം, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ ഇടിയോടുകൂടിയുള്ള മഴയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ലക്ഷദ്വീപിലും തമിഴ്നാട്ടിലും മഴയോടൊപ്പം ചുഴലിക്കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം തുലാവര്‍ഷത്തിലുണ്ടായ വലിയ കുറവ് തെന്നിന്ത്യയെ കടുത്ത വരള്‍ച്ചയിലേക്ക് തള്ളിവിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ