തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ സ്ഥിരീകരണം. ഇന്ന് പെയ്ത മഴ ഇതിന്റെ തെളിവാണെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. വടക്കൻ കേരളത്തിൽ മഴ ശക്തിയാർജ്ജിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും ശക്തമായ മഴ ലഭിക്കും. ഇക്കുറി തുലാവർഷം രണ്ടാഴ്ചയിലേറെ വൈകിയാണ് കേരളത്തിൽ എത്തിയത്.

മധ്യകേരളത്തിലും തെക്കൻ കേരളത്തിലും തുലാമഴ ശക്തമായി പെയ്യുമെന്നാണ് കരുതപ്പെടുന്നത്. അണക്കെട്ടുകളുടെ ജില്ലയായ ഇടുക്കിയിലും തുലാവർഷം സജീവമാകും.

അതേസമയം മഴയുടെ തോത് ജില്ലതിരിച്ച് വിശദമായി വിലയിരുത്താനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇടമിന്നലിനെ കരുതിയിരിക്കണം. ശക്തമായ ഇടിയും മിന്നലും തുലാവർഷക്കാലത്താണ് അധികമായി ഉണ്ടാവുക. ഡിസംബര്‍ പകുതിവരെയെങ്കിലും തുലാവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തുടർച്ചയായി ചുഴലിക്കാറ്റ് രൂപംകൊണ്ടതും ഇത് പലപ്പോഴും ന്യൂനമർദ്ദമായി മാറിയതുമാണ് തുലാവർഷം വൈകാൻ കാരണമായതെന്നാണ് കരുതപ്പെടുന്നത്. തമിഴ്നാട്, തെക്കന്‍കര്‍ണ്ണാടകം, പുതുച്ചേരി, റായലസീമ എന്നിവിടങ്ങളിലും മഴ ശക്തമായി പെയ്യുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ