തൃശൂർ: സെന്റ് മേരീസ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നോറോ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. കോളേജിലെ 52 വിദ്യാർഥികൾക്കും ജീവനക്കാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ സാമ്പിളുകൾ പരിശോധിക്കാനായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു.
പരിശോധനാഫലം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ വിളിച്ചറിയിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഫലം ഔദ്യോഗികമായി ലഭിക്കാനുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡിഎംഒ) ഡോ. കുട്ടപ്പൻ പറഞ്ഞു. സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്നാകാം രോഗം പകർന്നത് എന്നാണ് പ്രാഥമിക നിഗമനം. ഇതെ തുടർന്ന് പ്രദേശത്തെ കിണറുകൾ അണുവിമുക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. രോഗം പകരാതിരിക്കാൻ 25 ഓളം വിദ്യാർഥികളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായും ഡിഎംഒ അറിയിച്ചു.
മറ്റ് ജില്ലകളിലേക്ക് പോയ വിദ്യാർഥികൾക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിഎംഒ വ്യക്തമാക്കി. അതാത് ജില്ലകളിലെ ഡിഎംഒമാരേയും വിവരം അറിയിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ഹോസ്റ്റലുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.