തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ഒമാന്‍ എയറും ചേര്‍ന്ന് നടപ്പിലാക്കുന്ന നോര്‍ക്ക ഫെയര്‍ പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി. ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കായുള്ള പദ്ധതിയാണ് നോര്‍ക്ക ഫെയര്‍. വിമാന ടിക്കറ്റിന്റെ അടിസ്ഥാന നിരക്കില്‍ ഏഴ് ശതമാനം ഇളവ് അനുവദിക്കുന്നതാണ് ഈ പദ്ധതി.

നോര്‍ക്ക റൂട്ട്‌സിന്റെയും ഒമാന്‍ എയറിന്റെയും വെബ്‌സൈറ്റ്, ഒമാന്‍ എയറിന്റെ ഇന്ത്യയിലെ ഓഫീസുകള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍ എന്നിവ വഴി ഈ സൗകര്യം വിനിയോഗിക്കാം. NORK2018 എന്നതാണ് കോഡ്.

നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന ഐഡന്റിറ്റി കാര്‍ഡ് ഉള്ളവര്‍ക്കും അവരുടെ ജീവിതപങ്കാളിക്കും 18 വയസ് തികയാത്ത കുട്ടികള്‍ക്കുമാണ് ഈ സൗകര്യം ലഭിക്കുക. ഐഡന്റിറ്റി കാര്‍ഡ് ലഭിക്കുന്നതിനുള്ള വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് കാള്‍ സെന്ററിലെ 1800 425 3939, 0471 233, 33, 39 എന്നീ നമ്പരുകളില്‍ ലഭിക്കും.

നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് ഉടന്‍ ആരംഭിക്കും. അസുഖ ബാധിതരായി നാട്ടിലേയ്ക്ക് മടങ്ങുന്ന വിദേശ മലയാളികളെ കേരളത്തിലെ ഏത് വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്കോ അടുത്തുള്ള ആശുപത്രിയിലേക്കോ എത്തിക്കുന്നതിനും പ്രവാസികളുടെ ഭൗതികാവശിഷ്ടം വിമാനത്താവളത്തില്‍ നിന്നും വീട്ടില്‍ എത്തിക്കുന്നതിനുമായാണ് ആംബുലന്‍സ് സര്‍വീസ് ആരംഭിക്കുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.