കൊച്ചി: മലയാളത്തിലെ പ്രമുഖ നടിക്കു നേരെയുണ്ടായ അക്രമത്തിൽ മലയാള സിനിമ രംഗത്തെ അവിശ്വസിച്ച് പ്രമുഖ സംവിധായകൻ സനൽകുമാർ ശശിധരൻ. സിനിമാ ലോകത്തു നിന്ന് താരത്തിന് ആത്മാർത്ഥമായ പിന്തുണ ലഭിക്കുമെന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
“നമ്മുടെ 99 ശതമാനം സിനിമകളും പുരുഷാധിപത്യ സിനിമകളാണ്. പുരുഷ നിയന്ത്രിത സമൂഹത്തെ തന്നെയാണ് നമ്മുടെ പ്രണയ സിനിമകളും ക്യാംപസ് ചിത്രങ്ങളും കുടുംബ ചിത്രങ്ങളും എല്ലാം അടയാളപ്പെടുത്തുന്നത്. സ്ത്രീവിരുദ്ധമായ പ്രചാരണങ്ങൾ ഇതിൽ മിക്കവാറും സിനിമകളിലുമുണ്ട്. വീര കഥാപാത്രമായി തങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിന്ന് സൂപ്പർ താരങ്ങൾക്ക് ഈ അനുഭവം ഉൾക്കൊണ്ട് മാറിനിൽക്കാമോ” എന്നും അദ്ദേഹം ചോദിക്കുന്നു.
ആണത്തത്തിനും തന്തയ്ക്ക് പിറക്കലിനുമെതിരായാണ് സംസാരിക്കുന്നതെങ്കിൽ, ഇത്തരം ചിന്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം മറ്റൊരു പോസ്റ്റിൽ പറയുന്നു. “ഒരു കൈ കൊണ്ട് അറുക്കുകയും മറുകൈ കൊണ്ട് വിതയ്ക്കുകയും ചെയ്യരുതെന്നും” അദ്ദേഹം സിനിമാ സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നു.
നടിക്കനുകൂലമായി സിനിമാ താരങ്ങളെല്ലാം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് സനൽകുമാർ ശശിധരന്റെ മറുപോസ്റ്റ് ശ്രദ്ധ നേടുന്നത്.