തിരുവനന്തപുരം: പയ്യന്നൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ്. കോൺഗ്രസിൽ നിന്ന് കെ.സി.ജോസഫും ബിജെപി അംഗം ഒ.രാജഗോപാലുമാണ് നൊട്ടീസ് നൽകിയത്. ഇതിനുള്ള മറുപടിയിൽ രാഷ്ട്രീയ കൊലപാതകങ്ങളെ ആരും ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

“പയ്യന്നൂരിലെ കൊലപാതകം ദൗർഭാഗ്യകരവും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. സംഭവവുമായി ബന്ധപ്പെട്ട് സംഘർഷസാധ്യത നിയന്ത്രിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ ആരും ന്യായീകരിക്കുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ നിയന്ത്രിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ബാധ്യതയുണ്ട്.” പിണറായി പറഞ്ഞു.

“സംഭവത്തിൽ സിപിഎം പ്രവർത്തകർക്ക് ബന്ധമുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം. കൊല്ലപ്പെട്ട ബിജുവിന് ഒപ്പമുണ്ടായിരുന്ന രാജേഷിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് ഇത്. എന്നാൽ സംഭവവുമായി ബന്ധമില്ലെന്ന് സിപിഎം ഏരിയ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ടെ”ന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ